കാമുകിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; അഭിഭാഷകന്‍റെ ആത്മഹത്യകുറിപ്പ് തുമ്പായത് യോഗാ അധ്യാപികയുടെ തിരോധാനക്കേസിന്

0

ചെന്നൈ: ഒരു മാസമായി കാണാതായ യോഗ അധ്യാപികയായ യുവതിയുടെ തിരോധാന കേസില്‍ ഒടുവില്‍ വഴിത്തിരിവായി. കാമുകിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ അഭിഭാഷകന്‍ വെളിപ്പെടുത്തിയതോടെയാണിത്. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. ഹരികൃഷ്ണന്‍ എന്ന അഭിഭാഷകനാണ് കാമുകി ചിത്രാദേവിയെ കൊലപ്പെടുത്തിയ കാര്യം ആത്മഹത്യാക്കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയോടെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് വയസുള്ള മകളോടൊപ്പമാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്. ചിത്രാദേവിയെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഹരികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരികൃഷ്ണനും ചിത്രദേവിയും തമ്മില്‍ അടുപ്പമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ മറ്റ് തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ചിത്രാദേവിയുടെ തിരോധാനത്തെ കുറിച്ച്‌ ഹരികൃഷ്ണന് അറിയില്ലെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഹരികൃഷ്ണന്‍ ആത്മഹത്യ ചെയ്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി പരിശോധന നടത്തിയത്. ഹരികൃഷ്ണന്‍റെ കിടപ്പുമുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഈ ആത്മഹത്യാക്കുറിപ്പിലാണ് ചിത്രാദേവിയെ കൊന്ന് വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിട്ടതായി ഹരികൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കുറ്റം ഏറ്റെടുക്കാനും ശിക്ഷ അനുഭവിക്കാനും ധൈര്യം ഇല്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ഹരികൃഷ്ണന്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രാദേവിയുടെ മൃതദേഹം കണ്ടെടുക്കാനായുള്ള നടപടികള്‍ പോലീസ് ആരംഭിച്ചുകഴിഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ട് മുതലാണ് ചിത്രാദേവിയെ കാണാതായത്. ഏപ്രില്‍ അഞ്ചിന് മകളെ കാണാനില്ലെന്ന് പറഞ്ഞ് ചിത്രാദേവിയുടെ അച്ഛന്‍ തിരുമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചിത്രാദേവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹരികൃഷ്ണനെ സംശയമുണ്ടെന്നും പരാതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.

ചിത്രാദേവിയും ഹരികൃഷ്ണനും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ പരാതിക്കൊപ്പം യുവതിയുടെ അച്ഛന്‍ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അടുപ്പത്തിലായിരുന്നെന്ന് കണ്ടെത്തിയത്. ഹരികൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തിയതാണ്. ചിത്രാദേവിയും ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. എന്നാല്‍ ചിത്രാദേവിയെ കാണാതായ ദിവസം ഹരികൃഷ്ണന്‍റെ വീട്ടിലേക്ക് പോയിട്ടില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതാണ് അന്വേഷണത്തില്‍ തെളിവ് ലഭിക്കുന്നത് വൈകാന്‍ ഇടയാക്കിയത്.

You might also like