
ദുരൂഹത പരത്തി ആര്യക്കുപിന്നാലെ ഗ്രീഷ്മയുടെ മൃതദേഹവും
കൊല്ലം. ദുരൂഹത പരത്തി ആര്യക്കുപിന്നാലെ ഗ്രീഷ്മയുടെ മൃതദേഹവും. കല്ലുവാതുക്കലില്‍ കരിയിലകൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് വിളിച്ചതിന് പിന്നാലെ കാണാതായ രണ്ട് യുവതികളുടെയും മൃതദേഹം കണ്ടെത്തി. കാണാതായ യുവതികളില്‍ ഒരാളായ ഊര്യായിക്കോട് സ്വദേശി ആര്യ(23)യുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഇവര്‍ക്കൊപ്പം കാണാതായ ഗ്രീഷ്മ(22) യുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെടുത്തത്.കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ രേഷ്മ അറസ്റ്റിലാകുന്നത്.
പൊലീസ് നേരത്തേ കുട്ടിയുടെ മാതാവ് ആരെന്നു സംശയിക്കുന്നവരുടെ കൂട്ടത്തില്‍ ഇരുവരെയും പെടുത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഇവരുടെ ബന്ധുവാണ് ഗ്രീഷ്മ. രേഷ്മയാണ് കുട്ടിയുടെ അമ്മയെന്ന് വ്യക്തമായി പിന്നെയും ചോദ്യം ചെയ്യുന്നതിന് വിളിച്ചത് ഇവരെ മാനസികമായി തകര്‍ത്തുവെന്നാണ് കരുതുന്നത്. ആര്യയുടെ ആത്മഹത്യകുറിപ്പ് ലഭിച്ചതില്‍ ഗ്രീഷ്മയെ കുറ്റപ്പെടുത്തുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തിലെ അനവധാനതയാണ് ഇരുയുവതികളെയും ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്.
രേഷ്മ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് ആര്യയുടെ പേരിലുള്ളതായിരുന്നു. ഇതുപയോഗിച്ചാണ് ഇവര്‍ ഫെയ്സ്ബുക്ക് ഉപയോഗിച്ചിരുന്നത്. ഫെയ്സ്ബുക്കില്‍ ഒരിക്കല്‍ പോലും കാണാത്ത കാമുകന്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി എന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ തേടുന്നതിനായാണ് ഇവരെ വിളിപ്പിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകണമെന്നാണ് യുവതികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവര്‍ ഹാജരായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പൊലീസ് അന്വേഷിച്ചപ്പോഴാണ് യുവതികളെ കാണാനില്ല എന്ന വിവരം ലഭിച്ചത്.സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് അറിയുന്നതിനാണ് ആര്യയോടും ഗ്രീഷ്മയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ ഇരുവരെയും ബന്ധുക്കള്‍ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.