നൈജീരിയയില്‍ ക്രൈസ്തവരുടെയും വൈദികരുടെയും നിലനില്‍പ്പിന് കടുത്ത ഭീഷണി: ആശങ്കയുമായി വിവിധ റിപ്പോര്‍ട്ടുകള്‍

0

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കാ വൈദികര്‍ക്ക് നേരെ ആക്രമണങ്ങള്‍ അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നതിലുള്ള ആശങ്കയുമായി മാധ്യമ റിപ്പോര്‍ട്ടുകള്‍. 2019 മുതല്‍ 2020 വരെ നൈജീരിയയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1,350-ല്‍ നിന്നും 3,530 ആയി ഉയര്‍ന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ക്ക് പുറമേ, ആയുധധാരികളായ കവര്‍ച്ചക്കാരും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോകുന്നവരും കത്തോലിക്കാ വൈദികരെ ലക്ഷ്യമാക്കിയിരിക്കുന്നത് ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്. 2018 മുതല്‍ നൈജീരിയയില്‍ പത്തിലധികം വൈദികരെയാണ് ആയുധധാരികളും, കൊള്ളക്കാരും കൊലപ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് 30ന് ബെന്യു സംസ്ഥാനത്തിലെ സെന്റ്‌ പോള്‍സ് കത്തോലിക്കാ ദേവാലയം ആക്രമിച്ച അക്രമികളെ തടയുന്നതിനിടയില്‍ കൊല്ലപ്പെട്ട ഫാ. ഫെര്‍ഡിനാന്‍ഡാണ് കൊല്ലപ്പെട്ട വൈദികരിലെ ഏറ്റവും ഒടുവിലത്തെ ഇര. ആറോളം വിശ്വാസികളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു കത്തോലിക്കാ വൈദികനായ ഫാ. ക്ലമന്റ് ഉഗ്വു കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്. നൈജീരിയയില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. നൈജീരിയന്‍ ക്രൈസ്തവരെ സംഭവിച്ചിടത്തോളം ഇപ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ പതിവ് സംഭവമായി മാറിയിരിക്കുന്നുവെന്നു ‘ദി കത്തോലിക് വേള്‍ഡ്’ന്റെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബൊക്കോഹറാം ശക്തിപ്രാപിച്ച 2009 മുതല്‍ ദേവാലയങ്ങളിലെ ബോംബ്‌ സ്ഫോടനങ്ങള്‍, വൈദികരെ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് നേര്‍ക്ക് നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്നുവരികയാണ്. മുപ്പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും, 20 ലക്ഷത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രമുഖ വചനപ്രഘോഷകനായ പാസ്റ്റര്‍ ലാവന്‍ അന്‍ഡിമിയും ബൊക്കോഹറാം കൊലപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സമീപകാലത്ത് നടന്ന ആക്രമണങ്ങളില്‍ ഭൂരിഭാഗവും നടത്തിയിരിക്കുന്നത് തട്ടിക്കൊണ്ടുപോകല്‍ സംഘങ്ങളും ആയുധധാരികളായ കവര്‍ച്ചക്കാരുമാണ്.

ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നത് സര്‍ക്കാരിന്റെ നിഷ്ക്രിയത്വമായി വിലയിരുത്തപ്പെടുന്നുണ്ട്. ഇത്രത്തോളം ജീവന് ഭീഷണി നേരിടുന്ന സാഹചര്യം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് ഫാ. ഉഗോച്ചുക്വു ഉഗ്വോകെ എന്ന വൈദികന്‍ പറഞ്ഞു. 2019-ല്‍ മാത്രം ആയിരത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.കെ ആസ്ഥാനമായുള്ള ‘ഹ്യൂമാനിറ്റേറിയന്‍ എയിഡ് റിലീഫ് ട്രസ്റ്റ്’ പറയുന്നത്. ഓപ്പണ്‍ഡോഴ്സിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ആദ്യ പത്തില്‍ നൈജീരിയ സ്ഥാനം പിടിച്ചിരിന്നു. നൈജീരിയയിലെ ക്രൈസ്തവരുടെ നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങളെ വത്തിക്കാന്‍ ശക്തമായി അപലപിച്ചിട്ടുണ്ട്.

You might also like
WP2Social Auto Publish Powered By : XYZScripts.com