കോവിഡിന് ആവി പിടിച്ചാല്‍ മതിയോ? ന്യൂമോണിയ മാറാന്‍ ടെക്‌നിക്ക് ഉണ്ടോ?

0

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്ബോള്‍ ആശുപത്രികള്‍ നിറയുമോയെന്നും ഇനി രോഗികള്‍ക്ക് ചികിത്സ കിട്ടില്ലേയെന്നുമെല്ലാമുള്ള ആശങ്കകള്‍ പല കോണുകളിലുമുണ്ട്. ഇതു മുതലെടുത്ത് പ്രചരിക്കുന്ന വ്യാജ വിവരങ്ങള്‍ക്കും കുറവില്ല. പ്രചരിക്കുന്നത് രോഗ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളാവുമ്ബോള്‍ അപകടം പലമടങ്ങാണ്. ഇത്തരത്തില്‍ പ്രചരിച്ച ഒരു സന്ദേശത്തിന്റെ വസ്തുത പരിശോധിക്കുകയാണ്, ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക് ഈ കുറിപ്പില്‍. ഇന്‍ഫോക്ലിനിക് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ്:

കോവിഡ് ന്യുമോണിയ മാറാന്‍ “ടെക്‌നിക്കുകള്‍” മതിയാകുമോ?

“ന്യുമോണിയ മാറാനായി ചെയ്യേണ്ട 3 കാര്യങ്ങള്‍” എന്ന തലക്കെട്ടില്‍ ഒരു വീഡിയോ വളരെ അധികം ഷെയര്‍ ചെയ്യപ്പെടുന്നതായി കാണുന്നു. അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം വിശദീകരിക്കാതെ വയ്യ.

എന്താണ് ന്യൂമോണിയ (pneumonia) ?

ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധയാണ് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ന്യൂമോണിയ. പ്രധാനമായും ഇത് സംഭവിക്കുന്നത് ശ്വാസകോശത്തിലെ വായു അറകള്‍ക്ക് (ആല്‍വിയോലസുകള്‍) അനുബന്ധമായാണ്. കോവിഡ് ഉള്‍പ്പടെ പല തരത്തിലുള്ള വൈറസുകളും, ബാക്റ്റീരിയയും ന്യൂമോണിയ ഉണ്ടാക്കാം.

ഇത്തരം വൈറസുകളും ബാക്റ്റീരിയയും സാധാരണയായി അണുബാധയുണ്ടാക്കുന്നത് ശ്വസന വ്യവസ്ഥയുടെ മുകള്‍ ഭാഗങ്ങളിലാണ്. അതായത് മൂക്ക്, തൊണ്ട, ടോണ്‍സില്‍ (Tonsil), സൈനസ് (sinus) തുടങ്ങിയ ഭാഗങ്ങളില്‍. ഇവയെയാണ് നമ്മള്‍ കോമണ്‍ കോള്‍ഡ് (common cold), സൈനസൈറ്റിസ് (sinusitis), ടോണ്‍സിലൈറ്റിസ് (tonsillitis), ഫാരിന്‍ജൈറ്റിസ് (pharyngitis) എന്നൊക്കെ വിളിക്കുന്നത്. മിക്കവാറും ചെറിയ പനിയുടെ കൂടെ തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ വന്ന് കുറച്ചു ദിവസം കൊണ്ട് സുഖം പ്രാപിക്കുന്നു. ബാക്ടീരിയയാണ് രോഗകാരണമെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കണം, വൈറസാണെങ്കില്‍ പാരസെറ്റമോള്‍ മാത്രം മതിയാകും.

എന്നാല്‍ ഇതേ വൈറസോ ബാക്റ്റീരിയയോ ശ്വാസകോശത്തിന്റെ താഴെ ഭാഗത്തേക്കിറങ്ങി അണുബാധ ഉണ്ടാക്കുമ്ബോള്‍ അത് ന്യൂമോണിയ ആയി മാറുന്നു. താഴ് ഭാഗത്ത് വരുന്ന അണുബാധയില്‍ പനിയുടെ കൂടെ ശക്തി കൂടിയ ചുമ, ശ്വാസം മുട്ട് തുടങ്ങിയവ കൂടി പ്രത്യക്ഷപ്പെടാം. ചിലര്‍ക്ക് നെഞ്ചുവേദനയും ഉണ്ടാകാം. ന്യൂമോണിയയില്‍ ശ്വാസകോശത്തിന്റെ വായു അറകള്‍ക്ക് തകരാറ് സംഭവിക്കുന്നത് കൊണ്ട് ഓക്സിജന്‍ രക്തത്തില്‍ കലരുന്നത് തടസ്സപ്പെടുകയും ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു പോവുകയും ചെയ്യാം. ശരീരത്തിലെ മറ്റു പല അവയവങ്ങള്‍ തകരാറിലാകുക, രക്തസമ്മര്‍ദ്ദം കുറയുക തുടങ്ങി മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള ഗുരുതരമായ രോഗമാണ് ന്യൂമോണിയ.

കോവിഡ് ഗൃഹചികിത്സക്കും ആശുപത്രി അഡ്മിഷനും ഇടക്കുള്ള അതിര്‍വരമ്ബും മേല്‍ പറഞ്ഞ ശ്വസന വ്യവസ്ഥയുടെ മുകള്‍ ഭാഗത്തെ അണുബാധയും താഴ് ഭാഗത്തെ അണുബാധയും തമ്മിലുള്ള വേര്‍തിരിവും ഏതാണ്ട് ഒന്നാണ് എന്ന് തിരിച്ചറിയണം. അതായത് വൈറസ് നമ്മുടെ ശ്വസന വ്യവസ്ഥയുടെ മുകള്‍ ഭാഗത്ത് മാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്ബോള്‍ നമുക്ക് വീട്ടില്‍ ഇരിക്കാം. എന്നാല്‍ വൈറസിന്റെ ആക്രമണം ശ്വസന വ്യവസ്ഥയുടെ താഴ് ഭാഗത്തേക്ക് ഇറങ്ങി തുടങ്ങിയാല്‍ ഡോക്ടറെ കാണാനുള്ള സമയമായെന്ന് അര്‍ത്ഥം. ഇതിനോടാപ്പമോ ഇതിനു ശേഷമോ വൈറസ് മറ്റു അവയവങ്ങളേയും ആക്രമിക്കാം.

ഈ വ്യത്യാസം സാധാരണക്കാരന് എങ്ങനെ മനസ്സിലാകും ?

അതിന് വേണ്ടിയാണ് എല്ലാവരെയും കോവിഡിലെ അപകട സൂചനകള്‍ പഠിപ്പിച്ചു കൊടുക്കുന്നത്.

ശ്വാസം മുട്ട് അനുഭവപ്പെടുക

പള്‍സ് ഓക്സി മീറ്ററില്‍ ഓക്സിജന്റെ അളവ് 94 ല്‍ കുറയുക

മിനുട്ടില്‍ ശ്വാസോച്ഛാസത്തിന്റെ എണ്ണം ഇരുപതില്‍ കൂടുക

തുടങ്ങിയവ അപകട ലക്ഷണങ്ങള്‍ ആണെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

ശ്വാസകോശം പോലെ മറ്റ് ഏത് പ്രധാന അവയവത്തെ കോവിഡ് ബാധിച്ചാലും അത് അപകട സൂചന ആകുന്നു.

വീഡിയോയിലെ ചില പ്രസ്താവനകള്‍ കേള്‍ക്കുമ്ബോള്‍ എല്ലാ ന്യൂമോണിയയും വീട്ടില്‍ വെച്ച്‌ ചികില്‍സിക്കാവുന്ന ഒന്നാണ് എന്ന് ജനം തെറ്റിദ്ധരിക്കാന്‍ വഴിയുണ്ട്. എന്നാല്‍ അങ്ങനെയല്ല. വിദഗ്ദ്ധരുടെ അഭിപ്രായമാരാഞ്ഞശേഷം മാത്രം എടുക്കേണ്ട തീരുമാനമാണത്. ജീവന് അപകടമില്ലെന്ന് ഉറപ്പു വരുത്തുകയും വീട്ടില്‍ വെച്ച്‌ നിരീക്ഷിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട മരുന്നുകളും കൃത്യമായി മനസ്സിലാക്കുകയും ചെയ്ത ശേഷം മാത്രമേ കോവിഡ് ന്യൂമോണിയ ഉള്ളവര്‍ വീട്ടില്‍ ചികിത്സ എടുക്കാന്‍ പാടുള്ളൂ. ഭൂരിപക്ഷത്തിനും ആശുപത്രി അഡ്മിഷന്‍ തന്നെ വേണ്ടി വരും.

രണ്ടാമതായി ഓക്സിജന്‍ സാച്ചുറേഷനെ (oxygen saturation) കുറിച്ച്‌ പറയുന്ന കാര്യങ്ങള്‍:

പള്‍സ് ഓക്സി മീറ്റര്‍ വെച്ച്‌ ഓക്സിജന്‍ അളവ് നോക്കാന്‍ സാധാരണക്കാരെ ഏല്‍പ്പിക്കേണ്ടി വരുന്നത് ഇപ്പോഴത്തെ അസാധാരണമായ സാഹചര്യം കൊണ്ടു മാത്രമാണ്. അത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്. ഒക്സിജന്‍ സാച്ചുറേഷന്‍ 94 ല്‍ താഴെ പോയാല്‍ അത് ആശുപത്രിയുമായി ബന്ധപ്പെടേണ്ട അളവാണ്. എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലും ഓക്സിജന്റെ അളവ് 90 ല്‍ താഴെ ആണെങ്കില്‍ അതിഗുരുതരമായ കോവിഡായി ആണ് കണക്കാക്കുന്നത്. ഈ അവസരത്തില്‍ ഏതെങ്കിലും ടെക്നിക്കുകളിലൂടെ ഓക്സിജന്‍ നോര്‍മല്‍ ആകുമെന്ന് തെറ്റിദ്ധരിച്ചു സമയം നഷ്ടപ്പെടുത്തുന്നത് വലിയ സാഹസമാകും.

കോവിഡ് രോഗികളില്‍ ഗൃഹചികിത്സയാവാം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും, വളരെ ലഘുവായ ലക്ഷണങ്ങള്‍ മാത്രം ഉള്ളവര്‍ക്കും ആണ്. ന്യുമോണിയ പോലുള്ള ഗുരുതരാവസ്ഥയിലേക്ക് പോവുന്നവര്‍ ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുകയാണ് നിലവിലെ നിര്‍ദ്ദേശ പ്രകാരം വേണ്ടത്.

ഇനി പ്രസ്തുത വീഡിയോയിലെ മൂന്ന് “ടെക്നിക്കുകള്‍” പരിശോധിക്കാം

ആവി പിടിക്കുക

പ്രോണ്‍ പൊസിഷന്‍ (prone position)

കപ്പിംഗ് ടെക്നിക് (cupping technique)

എല്ലാ തരം ന്യുമോണിയകളും ശ്വാസകോശത്തെ ഒരേ രീതിയിലല്ല ബാധിക്കുക. ബാക്ടീരിയ മൂലം ഉണ്ടാവുന്ന ന്യുമോണിയകളിലാണ് പൊതുവില്‍ കഫം കൂടുതലായി ഉണ്ടാവുക. കോവിഡ് പോലെയുള്ള വൈറല്‍ ന്യുമോണിയകളില്‍ വരണ്ട ചുമയാണ് എന്നതിപ്പോള്‍ ഏവര്‍ക്കും അറിയാമല്ലോ.

കോവിഡ് ന്യുമോണിയയില്‍ ശ്വാസകോശത്തില്‍ കഫം നിറയുന്നതും കെട്ടി കിടക്കുന്നതും അല്ല ഓക്സിജന്‍ അളവ് താഴെ പോകുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ കഫം കുറയ്ക്കാനും, അലിഞ്ഞ് ഇളകി പോരാനും ഒക്കെയുള്ള മാര്‍ഗ്ഗങ്ങള്‍, കോവിഡ് ന്യൂമോണിയയിലെ പ്രധാന ചികിത്സ ആയി കാണാനും കഴിയില്ല.

ആവി പിടിക്കുക –

ആവി പിടിക്കല്‍ മൂക്കടപ്പ്, സൈനസൈറ്റിസ്, ചുമ തുടങ്ങിയവക്കൊക്കെ ഗുണം ചെയ്യാം. പക്ഷേ ന്യൂമോണിയ പോലെ ഒരു രോഗാവസ്ഥയില്‍ ആവി പിടിക്കുന്നതിലൂടെ എത്ര പ്രയോജനം കിട്ടുമെന്നത് സംശയമാണ്.

പ്രോണ്‍ പൊസിഷന്‍ –

ഇത് കോവിഡ് രോഗികളില്‍ ശ്വാസതടസ്സം ഉണ്ടാവുമ്ബോള്‍ അനുവര്‍ത്തിക്കാവുന്ന ഒരു ചികിത്സാ നടപടിക്രമം ആണ്.

എന്നാല്‍ ഇത് എന്തിന്, എപ്പോള്‍, എങ്ങനെയാണ് ഗുണം ചെയ്യുന്നത്?

കഫം കെട്ടിക്കിടന്ന് ശ്വാസകോശത്തില്‍ തകരാറുകള്‍ ഉണ്ടാവുന്നത് തടയാനല്ല ഈ പ്രക്രിയ. ശ്വാസകോശത്തിലെ എല്ലായിടത്തുമായി വായൂ പ്രവാഹം ഏറ്റവും അനുഗുണമായ രീതിയില്‍ ക്രമീകരിച്ചു ഗ്യാസ് എക്സ്ചേഞ്ച് ശരിയായി നടക്കാനാണിത് ചെയ്യുക.

എപ്പോളാണിത് അനുവര്‍ത്തിക്കുന്നത്?

ഇതിനു ഏറ്റവും പ്രസക്തി ഉള്ളത്,

കോവിഡ് രോഗികളെ ചികില്‍സിക്കുന്ന ഐ സി യു കളിലാണ്. വെന്റിലേറ്റര്‍ ചികിത്സകളില്‍ അടക്കം ഉപയോഗിക്കുന്നു.

വീട്ടില്‍ ചികിത്സ എടുക്കുമ്ബോള്‍ ചുമ, ചെറിയ തോതില്‍ ശ്വാസം മുട്ട് തുടങ്ങിയ അനുഭവപ്പെടുന്നു, എന്നാല്‍ ഓക്സിജന്‍ അളവ് 94 ഇല്‍ കൂടുതല്‍ ഉണ്ടെങ്കില്‍.

കോവിഡ് ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ശേഷം തുടരുന്ന ശ്വാസം മുട്ടില്‍

ശ്വാസതടസ്സം ഉണ്ടാവുകയും എന്നാല്‍ ആശുപത്രി ചികിത്സ ആ സമയത്ത് ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന കാലയളവില്‍.

എന്നാല്‍ കോവിഡ് ന്യുമോണിയയുള്ള രോഗിക്ക് വേണ്ടുന്ന പ്രധാന ചികിത്സ സ്റ്റിറോയിഡ് മരുന്നുകള്‍, ഓക്സിജന്‍ തെറാപ്പി, വെന്റിലേറ്റര്‍ ഉപയോഗയുക്തമാക്കിക്കൊണ്ടുള്ള ശ്വസന സപ്പോര്‍ട്ട് ഇത്യാദി ഒക്കെയാണ്. അതിന്റെ കൂടെ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗം മാത്രമാണ് പ്രോണ്‍ വെന്റിലേഷന്‍.

അതായത് പ്രാധ്യാനം ഇല്ലെന്നല്ല, വീഡിയോയില്‍ അവതരിപ്പിക്കുന്നത് പോലുള്ള അമിതപ്രാധാന്യം ഈ പ്രക്രിയയ്ക്കില്ല. ആശുപത്രിയില്‍ പോയാലും ഇതൊക്കെ തന്നെയല്ലേ എന്നാല്‍ വീട്ടില്‍ തന്നെ ഇരുന്നു ഈ വിദ്യ കൊണ്ട് ഓക്സിജന്‍ അളവ് കൂട്ടിക്കളയാം എന്ന് കരുതി ആശുപത്രി സഹായം തേടാന്‍ ആള്‍ക്കാര്‍ വിമുഖത കാട്ടിയാല്‍ അത് ചിലരുടെ കാര്യത്തിലെങ്കിലും അപകടകരമാവാം.

“കപ്പിംഗ് ടെക്നിക് ”

കപ്പിംഗ് ടെക്നിക് എന്ന പേരില്‍ പ്രതിപാദിക്കുന്നത് ചെസ്റ്റ് ഫിസിയോതെറാപ്പി (Respiratory / Chest Physiotherapy) യിലുള്ള സങ്കേതങ്ങളില്‍ ഒന്നാണ്.

ഇതും പ്രധാനമായി ശ്വാസകോശത്തില്‍ പ്രത്യേക ഭാഗങ്ങളില്‍ കഫം കെട്ടിക്കിടക്കുന്ന ചില രോഗാവസ്ഥകളില്‍ ഉപയോഗിക്കുന്ന ഒന്നാണ്. കോവിഡ് ന്യുമോണിയയില്‍ ഇതിന് എന്തെങ്കിലും പ്രാധാന്യമോ ആവശ്യകതയോ ഉണ്ടെന്നതിന് ആധികാരികമായ തെളിവുകള്‍ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തി നിര്‍ദ്ദേശിച്ചിട്ടില്ല.

ഈ പ്രക്രിയ ചെയ്യേണ്ടത് പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരാണ്. ഗൃഹ ചികിത്സയില്‍ ഐസൊലേഷനില്‍ ഇരിക്കുന്ന ഒരു രോഗിക്ക് സ്വയം ചെയ്യാവുന്ന ഒരു പ്രക്രിയ അല്ല ഇത്.

മറ്റൊരു പ്രധാന കാര്യം നെഞ്ചിനു മുകളില്‍ ഉള്ള ഈ ശക്തമായ കൊട്ടല്‍ ചില ശാരീരികാവസ്ഥകളില്‍ എങ്കിലും ചെയ്യാന്‍ പാടില്ല എന്നാണു ശാസ്ത്രം പറയുന്നത്. അത് കൊണ്ട് തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ വിലയിരുത്തി നിര്‍ദ്ദേശിച്ചാല്‍ മാത്രമാണ് ഇത് ചെയ്യേണ്ടത്.

ഇനി മറ്റുള്ളവര്‍ ചേര്‍ന്ന് ഇത് രോഗിക്ക് ചെയ്തു കൊടുക്കാന്‍ ശ്രമിക്കുന്നതിലും അപകടം ഉണ്ട്, രോഗിയുടെ ചുറ്റിനും ഉള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടും എന്നാണ് കരുതുന്നത്.

ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയെ അതും ഒരു മഹാമാരിയെ നേരിടുമ്ബോള്‍ വസ്തുതകള്‍ അമിതമായി ലളിതവല്‍ക്കരിക്കുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്നത് അപകടകരമാണ് എന്ന് മനസ്സിലാക്കണം. പ്രത്യേകിച്ചും ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥ പോലെ അത്യന്തം ഗുരുതരമായ അവസ്ഥകളില്‍ ഒരാള്‍ ഇത്തരം പ്രക്രിയകള്‍ക്ക് മുതിര്‍ന്നാല്‍ ഉണ്ടാകാവുന്ന അപകടം പറയേണ്ട കാര്യം ഇല്ലല്ലോ. അതേ പോലെ ശ്വാസകോശം ന്യൂമോണിയ വന്ന് വെളുത്തു പോയ സ്ഥിതിയില്‍ നിന്ന് ലളിതമായ ടെക്‌നിക്കുകളിലൂടെ തിരിച്ചു സാധാരണ സ്ഥിതിയിലേക്ക് വരുമെന്ന് ഒരാള്‍ ധരിച്ചു പോയാല്‍ അതിനും കൊടുക്കുന്നത് വലിയ വില ആയിരിക്കും.

ജനങ്ങള്‍ക്ക് കൊടുക്കുന്ന ഉപദേശങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും ശാസ്ത്രത്തിനും കടക വിരുദ്ധം ആകരുത്.

അനേകം പേരിലേക്ക് ഈ വീഡിയോ എത്തിയിട്ടുണ്ട്, വീഡിയോ പിന്‍വലിച്ചു ഒരു ക്ലാരിഫിക്കേഷന്‍ ഈ വിഷയത്തില്‍ കൊടുക്കാന്‍ കഴിഞ്ഞാല്‍ പൊതു സമൂഹത്തിന് അത് ഉപകാരപ്രദമായിരിക്കും എന്ന് കരുതുന്നു.

You might also like