ആർച്ച് ബിഷപ്പ് ടിറ്റോ യല്ലാന വിശുദ്ധ നാട്ടിലെ പുതിയ അപ്പസ്തോലിക ന്യൂണ്‍ഷോ

0 59

റോം: വിശുദ്ധ നാടായ ഇസ്രായേലിലെ പുതിയ അപ്പസ്തോലിക ന്യൂണ്‍ഷോയായി ഫിലിപ്പീന്‍സില്‍ നിന്നുള്ള ആർച്ച് ബിഷപ്പ് ടിറ്റോ യല്ലാനയെ നിയമിച്ച് ഫ്രന്‍സിസ് പാപ്പ. സൈപ്രസ്, ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ ഉത്തരവാദിത്വവും അദ്ദേഹത്തെ ഭരമേല്‍പ്പിച്ചിട്ടുണ്ട്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ നാല് ഭൂഖണ്ഡങ്ങളിൽ വത്തിക്കാനെ പ്രതിനിധീകരിച്ചു അദ്ദേഹം സേവനം ചെയ്തിരിന്നു. വിശുദ്ധ നാടിന്റെ അപ്പസ്തോലിക പ്രതിനിധിയായി സേവനം ചെയ്തിരിന്ന ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരേലിയെ ഭാരതത്തിന്റെ അപ്പസ്തോലിക ന്യൂണ്‍ഷോയായി പാപ്പ നിയമിച്ചത് അടുത്ത നാളുകളിലാണ്. ആർച്ച് ബിഷപ്പ് ടിറ്റോ യല്ലാനയ്ക്കു 73 വയസ്സുണ്ട്. കടുത്ത സംഘര്‍ഷങ്ങള്‍ക്ക് ശേഷം ശാന്തമായി കൊണ്ടിരിക്കുന്ന വിശുദ്ധ നാട്ടിലെ ഉത്തരവാദിത്വം ആർച്ച് ബിഷപ്പ് ടിറ്റോയെ സംബന്ധിച്ചിടത്തോളം വലിയ ദൌത്യമാണ്.

1948 ഫെബ്രുവരി 6ന് ഫിലിപ്പീൻസിലെ നാഗ സിറ്റിയിൽ ജനിച്ച അഡോൾഫോ ടിറ്റോ യല്ലാന 1972 മാർച്ച് 19ന് തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ ബിരുദം നേടി. എക്ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1984ൽ വത്തിക്കാന്റെ നയതന്ത്ര സേവന വിഭാഗത്തില്‍ പ്രവേശിച്ചു. ഘാന, ശ്രീലങ്ക, തുർക്കി, ലെബനൻ, ഹംഗറി, തായ്‌വാൻ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 2001 ഡിസംബറിൽ സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ പാപ്പുവ ന്യൂ ഗിനിയയിലേക്ക് അപ്പസ്തോലിക ന്യൂണ്‍ഷോയായി നിയമിച്ചു. 2002 ജനുവരി 6ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങില്‍ അദ്ദേഹം ബിഷപ്പായി അവരോധിക്കപ്പെട്ടു. വിശുദ്ധ നാട്ടിലെ നിയമനത്തിന് മുന്‍പ് ആർച്ച് ബിഷപ്പ് യിലാന ഓസ്ട്രേലിയയിലെ അപ്പസ്തോലിക ന്യൂണ്‍ഷോയായി സേവനം അനുഷ്ഠിക്കുകയായിരിന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com