വടക്കന്‍ നൈജീരിയയില്‍ വീണ്ടും തട്ടിക്കൊണ്ടു പോകല്‍: ഇരയായത് 30 വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍

0

ലാഗോസ്: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്ത് ആയുധധാരികള്‍ വീണ്ടും സ്‌കൂള്‍ ആക്രമിച്ച് 30 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. അഫാക്കയിലെ ഫെഡറല്‍ കോളജ് ഓഫ് ഫോറസ്ട്രി മെക്കനൈസേഷന്‍ കോളജില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കോളജ് ജീവനക്കാരും അടക്കം നിരവധി പേരെയാണ് കൊള്ളസംഘം തട്ടിക്കൊണ്ടുപോയതെന്നു സംസ്ഥാന വൃത്തങ്ങള്‍ അറിയിച്ചു. കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് സുരക്ഷാ ഏജൻസികൾ ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ രക്ഷപ്പെട്ട ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും കമ്മീഷണർ പറഞ്ഞു.

ഏതാനും പേരെ ഇതിനോടകം മോചിപ്പിച്ചിട്ടുണ്ട്. ഇനിയും മോചിപ്പിക്കാനുള്ളവര്‍ക്കായി പട്ടാളം തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞമാസം വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ കൊള്ളസംഘം സ്‌കൂള്‍ ആക്രമിച്ച് 279 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പിന്നീട് ഇവരെ വിട്ടയച്ചുവെങ്കിലും തട്ടിക്കൊണ്ടു പോകല്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനമനുഭവിക്കുന്ന രാജ്യം കൂടിയാണ് നൈജീരിയ. വംശഹത്യയ്ക്കും കടുത്ത അടിച്ചമര്‍ത്തലിനും തട്ടിക്കൊണ്ടു പോകലിനും രാജ്യത്തെ ക്രൈസ്തവര്‍ ഇരയാകുന്നുണ്ടെങ്കിലും ഭരണകൂടത്തിന്റെ അപകടകരമായ നിസംഗതയാണ് ഇതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നത്.

You might also like