ആശ്വാസ വാര്‍ത്ത: നൈജീരിയായില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളില്‍ 279 പേര്‍ മോചിതരായി

0 96

അബൂജ: വടക്കുപടിഞ്ഞാറന്‍ നൈജിരീയയിലെ ജാംഗ്‌ബെ പട്ടണത്തിലെ സ്‌കൂളിൽ നിന്നു ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളില്‍ 279 പേര്‍ മോചിതരായി. 317 പേരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 279 പേര്‍ ആണെന്നാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ വാദം. 279 പേര്‍ മോചിതരായെന്ന് ഗവണ്‍മെന്‍റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും നേരത്തെ പുറത്തുവന്ന എണ്ണവുമായി പൊരുത്തക്കേട് ഉള്ളത് ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെ തടവിൽ നിന്ന് മോചിപ്പിച്ചതായി പ്രഖ്യാപിക്കുന്നത് ആഹ്ലാദം പകരുന്നതാണെന്ന് സാംഫാര സ്റ്റേറ്റ് ഗവർണർ ബെല്ലോ മാതവാലെ ഇന്നലെ ട്വീറ്റ് ചെയ്തു. തങ്ങളെ വനത്തിലൂടെ നടത്തിയെന്നും പലര്‍ക്കും പരിക്കേറ്റെന്നും നടത്തം നിര്‍ത്തിയാല്‍ വെടിവയ്ക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും മോചിതരായ പെണ്‍കുട്ടികളില്‍ ചിലര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം ഏതാണെന്നു വ്യക്തമായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ലായെന്നും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (26/02/21) ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ നിന്നു ആയുധധാരികള്‍ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയത്.

പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചിലിനിടെ വടക്കേ മധ്യ സംസ്ഥാനമായ നൈജറിൽ കഴിഞ്ഞയാഴ്ച സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 27 കൌമാരക്കാരായ ആൺകുട്ടികളെ തോക്കുധാരികൾ വിട്ടയച്ചിരിന്നു. 2017 മുതല്‍ ഇതുവരെ എഴുനൂറിലധികം പെണ്‍കുട്ടികളെയാണ് രാജ്യത്തു തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇതില്‍ മിക്ക തട്ടിക്കൊണ്ടു പോകലിനും ചുക്കാന്‍ പിടിച്ചത് ബൊക്കോഹറാമായിരിന്നു. പെണ്‍കുട്ടികളെ കൂടാതെ മോചനദ്രവ്യം ആവശ്യപ്പെട്ട് കത്തോലിക്ക വൈദികരെയും തട്ടിക്കൊണ്ടു പോകുന്നുണ്ട്. രാജ്യത്തെ സാഹചര്യം അതീവ ദയനീയമാണെങ്കിലും ഭരണകൂടം നിഷ്ക്രിയത്വം പാലിക്കുന്നതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നത്.

You might also like
WP2Social Auto Publish Powered By : XYZScripts.com