കന്യാസ്ത്രീക്ക് പാക്ക് സര്‍ക്കാരിന്റെ മരണാനന്തര ബഹുമതി

0

കറാച്ചി: ഭിന്നശേഷിയുള്ള ബാല്യങ്ങള്‍ക്ക്‌ ഇടയിലുള്ള സേവനങ്ങളെ മാനിച്ച് അവഗണിക്കപ്പെട്ടവരുടെ അമ്മ സിസ്റ്റര്‍ റൂത്ത് ലെവിസിന് പാക്കിസ്ഥാനി സര്‍ക്കാരിന്റെ മരണാനന്തര ഉന്നത പുരസ്കാരം. സാംസ്കാരികം, പൊതുജീവിതം എന്നീ മേഖലകളില്‍ നല്‍കുന്ന മഹനീയ സേവനങ്ങളെ മാനിച്ച് പൗരന്‍മാര്‍ക്ക് നല്‍കുന്ന ഉന്നത പുരസ്കാരങ്ങളിലൊന്നായ ‘സിതാര-ഇ-ഇംതിയാസ്’ (ശ്രേഷ്ട്ര താരം) അവാര്‍ഡിനാണ് സിസ്റ്റേഴ്സ് ഓഫ് ദി ഫ്രാന്‍സിസ്കന്‍ മിഷണറീസ് (എഫ്.എം.സി.കെ) സഭാംഗമായിരുന്ന സിസ്റ്റര്‍ റൂത്ത് അര്‍ഹയായത്. അനാഥരും, അവഗണിക്കപ്പെട്ടവരുമായ കുട്ടികള്‍ക്ക് വേണ്ടി 52 വര്‍ഷക്കാലം ജീവിച്ച് കഴിഞ്ഞ വര്‍ഷം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കത്തോലിക്ക സന്യാസിനിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തതില്‍ നന്ദി അര്‍പ്പിക്കുന്നതായി കറാച്ചി മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസഫ് കൗട്ട്സ് പറഞ്ഞു.

1959-ലാണ് എഫ്.എം.സി.കെ സമര്‍പ്പിതര്‍ മാനസികവും, ശാരീരികവുമായ വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കായി കറാച്ചിയില്‍ നേഴ്സിംഗ് ഹോം സ്ഥാപിക്കുന്നത്. നേഴ്സിംഗ് ഹോമിന്റെ സ്ഥാപകയായ സിസ്റ്റര്‍ ജെര്‍ട്രൂഡ് ലെമ്മെന്‍സ് മരണപ്പെടതിനെത്തുടര്‍ന്നാണ് സിസ്റ്റര്‍ റൂത്ത് ലെവിസ് നേഴ്സിംഗ് ഹോമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ‘ദാര്‍-ഉല്‍-സുകുണ്‍’ (സമാധാനത്തിന്റെ ഭവനം) എന്ന ഈ സ്ഥാപനത്തിലൂടെ മാനസികവും, ശാരീരിക വൈകല്യവുമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സമര്‍പ്പണത്തിലൂടെ സിസ്റ്റര്‍ ലെവിസ് പൊതു സമൂഹത്തിലും, സന്നദ്ധസംഘടനകളിലും അറിയപ്പെടുന്ന ആളായി. ‘അവഗണിക്കപ്പെട്ടവരുടെ അമ്മ’ എന്നാണ് സിസ്റ്റര്‍ ലെവിസ് കറാച്ചിയില്‍ അറിയപ്പെട്ടിരുന്നത്.

നേഴ്സിംഗ് ഹോമിലെ വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കിടയില്‍ അന്തേവാസികളായ ഇരുപത്തിയൊന്നു കുട്ടികള്‍ക്കൊപ്പം 2020 ജൂലൈ എട്ടിന് കൊറോണ സ്ഥിരീകരിക്കുകയും, അധികം താമസിയാതെ വിടവാങ്ങുകയുമായിരിന്നു. മാര്‍ച്ച് 23നു ‘ദാര്‍-ഉല്‍-സുകുണി’ലെ മുന്‍ അന്തേവാസിയും ഇപ്പോള്‍ ജീവനക്കാരിയുമായ ‘കുക്കി’യാണ് സിസ്റ്റര്‍ ലെവിസിന് വേണ്ടി അവാര്‍ഡ് സ്വീകരിച്ചതെന്ന് ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ദാര്‍-ഉല്‍-സുകുണി’ലെ എല്ലാ കുട്ടികളുടേയും അമ്മയായിരുന്നു സിസ്റ്റര്‍ ലെവിസെന്നും, ഒരമ്മ തന്റെ മക്കളെ പരിപാലിക്കുന്നത് പോലെയായിരുന്നു സിസ്റ്റര്‍ തങ്ങളെ പരിപാലിച്ചിരുന്നതെന്നും അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കുക്കി പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സേവനങ്ങള്‍ പരിഗണിച്ചു 2014 ജനുവരി 18ന് ‘പ്രൈഡ് ഓഫ് കറാച്ചി’ പുരസ്കാരത്തിനും, അതേവര്‍ഷം തന്നെ ‘ഹക്കിം മൊഹമ്മദ്‌ സയീദ്‌’ പുരസ്കാരത്തിനും സിസ്റ്റര്‍ ലെവിസ് അര്‍ഹയായിരുന്നു.

You might also like