കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം ഇനി മാതാപിതാക്കൾക്ക്‌ നിയന്ത്രിക്കാം

0

ലണ്ടൻ: യുവാക്കളുടെയും കുട്ടികളുടെയും ഇൻസ്റ്റാഗ്രാം ഉപയോഗവും സമയപരിധിയും മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റാ സോഷ്യൽ മീഡിയ കമ്പനി. ചൊവ്വാഴ്ച യുകെയിൽ ആണ് ഈ സംവിധാനം നിലവിൽ വന്നത്.

പുതിയ ഫീച്ചർ ഉപയോഗിച്ച് 18 വയസ്സിനു താഴെയുള്ളവരുടെ ദിനംതോറുമുള്ള ഇൻസ്റ്റാഗ്രാം ഉപയോഗത്തിന് 15 മിനിറ്റ് മുതൽ രണ്ടു മണിക്കൂർ വരെ പരിധി നിശ്ചയിക്കാൻ മാതാപിതാക്കൾക്ക് കഴിയും. സമയപരിധി അവസാനിക്കുമ്പോൾ കറുത്ത സ്ക്രീൻ ആകും കാണുക. ഈ ഫീച്ചർ നിലവിൽ വന്നതോടെ കുട്ടികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഉപയോഗം കാണുവാനും സാമൂഹിക മാധ്യമ ശീലം കണ്ടെത്താനും കഴിയും. എന്നാൽ ഈ ആപ്പ് ആക്ടിവേറ്റ് ആക്കുവാൻ കുട്ടിയുടെ അനുവാദം ആവശ്യമാണ്. കുട്ടിക്ക് 18 വയസ്സ് കഴിയുമ്പോൾ ഈ സംവിധാനം പ്രവർത്തനരഹിതമാകും.

അമേരിക്കയിൽ ഇത് നേരത്തെ അവതരിപ്പിച്ചിരുന്നു. സ്വയഹാനി വരുത്തുന്നതോ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം അനുവദിക്കുകയില്ലെന്നും അവ നീക്കം ചെയ്യുമെന്നും ഇൻസ്റ്റാഗ്രാം പ്രസ്താവനയിൽ പറഞ്ഞു. കുട്ടികൾ സോഷ്യൽ മീഡിയയിൽ അമിതസമയം ചെലവഴിക്കുന്നത് മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന പേരൻറൽ കൺട്രോൾ സംവിധാനം കൂടുതൽ രാജ്യങ്ങളിൽ എത്തുമെന്നാണ്‌ കരുതുന്നത്‌.

You might also like