പെന്‍ഷന്‍: പുതിയ സ്‌കീം ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കുമെന്ന് കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയില്‍

0

ന്യൂഡല്‍ഹി : ഒരു മാസത്തിനുള്ളില്‍ ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിനായി പുതിയ സ്‌കീം തയ്യാറാക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച്‌ കെഎസ്‌ആര്‍ടിസി. സ്ഥിരപ്പെടുന്നതിന് മുമ്ബ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അര്‍ഹതപ്പെട്ട കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കുമെന്നും കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വകുപ്പ് തല ചര്‍ച്ച ആരംഭിച്ചതായും കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയും, അഭിഭാഷകന്‍ ദീപക് പ്രകാശും പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് സാമ്ബത്തിക സഹായം പ്രതീക്ഷിക്കുന്നതായും കോര്‍പ്പറേഷന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

പുതിയ സ്‌കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു. ഇതിനായി ഡിപ്പോകളുമായി ആശയവിനിമയം നടത്തി വരികയാണ്. ഏതാണ്ട് ഏഴായിരത്തോളം ജീവനക്കാര്‍ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പെടും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കോര്‍പ്പറേഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. പുതിയ സ്‌കീം തയ്യാറാക്കുന്നതിന് ഒരു മാസത്തെ സമയം അനുവദിക്കണം എന്ന കോര്‍പറേഷന്റെ ആവശ്യം ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

You might also like