പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് 8 വര്‍ഷം തടവില്‍ കഴിഞ്ഞ ക്രൈസ്തവ വിശ്വാസിക്ക് വധശിക്ഷ

0

ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമത്തിനെതിരെ ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങളെ വിലകല്‍പ്പിക്കാതെ ക്രൈസ്തവ വിശ്വാസിക്ക് വീണ്ടും വധശിക്ഷ. മുഹമ്മദ്‌ നബിയെ നിന്ദിക്കുന്ന തരത്തില്‍ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ‘സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ്’ സഭാംഗമായ സജാദ് മസി ഗില്‍ എന്ന ക്രൈസ്തവ വിശ്വാസിയ്ക്കാണ് ലാഹോര്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്‌ ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് വധശിക്ഷ വിധിച്ചത്. 2011 ഡിസംബറിലാണ് പഞ്ചാബ് പ്രവിശ്യയിലെ ഗോജ്രായില്‍ നിന്നുള്ള സജാദ് അറസ്റ്റിലാകുന്നത്.

2013 ജൂലൈ മാസത്തില്‍ ഒരു വിചാരണ കോടതി ജീവപര്യന്തത്തിനു പുറമേ, 3,14,500 റുപ്പീസ് പിഴയും വിധിച്ചതിനെ തുടര്‍ന്ന്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു സജാദ്. 2015-ല്‍ സാഹിവാളിലെ സെന്‍ട്രല്‍ ജെയിലില്‍ സജാദിനെ സന്ദര്‍ശിച്ച് മടങ്ങുന്ന വഴി അദ്ദേഹത്തിന്റെ സഹോദരനേയും, അനന്തരവനേയും അജ്ഞാതരായ ചിലര്‍ ആക്രമിച്ചിരിന്നു. തൊട്ടടുത്ത വര്‍ഷം ലീഗല്‍ ‘ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ആന്‍ഡ്‌ ഡെവലപ്മെന്റ്’ന്റെ രണ്ട് അഭിഭാഷകര്‍ കാസൂറില്‍ നിന്നും ലാഹോറിന് പോകുന്ന റോഡില്‍വെച്ച് ആയുധധാരികളാല്‍ ആക്രമിക്കപ്പെട്ടിരിന്നു. സജാദിനു വേണ്ടി അപ്പീല്‍ സമര്‍പ്പിക്കുവാന്‍ പോയതായിരുന്നു ഇരുവരും. ജീവപര്യന്തം ഇസ്ലാമിന്റെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമാണെന്നും വധശിക്ഷ മാത്രമാണ് മതനിന്ദക്കുള്ള ശിക്ഷയെന്നും പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചുവെന്ന് വാദിഭാഗം വക്കീല്‍മാരില്‍ ഉള്‍പ്പെട്ട സീഷന്‍ അഹമദ് അവാന്‍ പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് മതനിന്ദാനിയമത്തില്‍ പറയുന്നത്. എന്നാല്‍ മതന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനു മതനിന്ദാ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞമാസം മതനിന്ദയുടെ പേരില്‍ ജയിലില്‍ കഴിയുന്ന ഷഗുഫ്താ കൗസറിന്റേയും ഭര്‍ത്താവ് ഷക്ഫാത്ത് ഇമ്മാനുവലിന്റേയും അപ്പീല്‍ ലാഹോര്‍ ഹൈക്കോടതി വിചാരണ കൂടാതെ മാറ്റിവെച്ചിരിന്നു. കഴിഞ്ഞ 7 വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞുവരികയാണ് ഈ ദമ്പതികള്‍. മതനിന്ദാ കേസുകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത് (200) കഴിഞ്ഞ വര്‍ഷമാണെന്നാണ്‌ ലാഹോര്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടന പറയുന്നത്. പഞ്ചാബ് പ്രവിശ്യയും സിന്ധ് പ്രവിശ്യയുമാണ്‌ ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്.

You might also like