ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

0

തൊടുപുഴ: സി.എസ്.ഐ സഭ മൂന്നാറില്‍ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ച്‌ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് വിശ്വാസികളില്‍ നിന്നുതന്നെ പരാതി ലഭിച്ച സാഹചര്യത്തിലാണ് പ്രതികരണം.
ഇവിടെ 80 വൈദികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും വിവരമുണ്ട്. ഫാ.ബിജുമോന്‍, ഫാ.ഷൈന്‍ ബി.രാജ് എന്നിവരാണ് മരിച്ചത്. മറ്റ് വൈദികര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു മൂന്നാര്‍ സി.എസ്.ഐ ചര്‍ച്ചില്‍ വൈദികരുടെ ധ്യാനം. ബിഷപ്പ് ധര്‍മരാജ് റസാലം നേതൃത്വം നല്‍കിയ ധ്യാനത്തില്‍ 480 വൈദികര്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറില്‍ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം നിമിത്തമെന്ന് കരുതി. തുടര്‍ന്ന് നാട്ടിലെത്തിയിട്ട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ധ്യാനത്തിന് ശേഷം കൊവിഡ് ബാധിച്ച വൈദികര്‍ ചര്‍ച്ചുകളിലെത്തി ആരാധനകളില്‍ പങ്കെടുത്തതിനാല്‍ വിശ്വാസികളും ആശങ്കയിലാണ്. 322 വൈദികരുടെ ധ്യാനം രണ്ട് സംഘങ്ങളായിട്ടാണ് നടത്തിയതെന്നും 24 വൈദികര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതെന്നും സി.എസ്.ഐ സഭ വിശദീകരിച്ചു. ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രില്‍ 12 മുതല്‍ ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പരമാവധി പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനിടെയായിരുന്നു ധ്യാനം.
വിവാദം അനാവശ്യമാണെന്നും പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ധ്യാനമെന്നും സി.എസ്.ഐ സഭ അവകാശപ്പെടുന്നു. പൊതുപ്രവര്‍ത്തകനായ വി.ടി മോഹനന്‍ അടക്കമുള്ളവരാണ് പരാതി നല്‍കിയിരിക്കുന്നത്.

You might also like