അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുക്കാന്‍ സാധ്യത; കേരളത്തില്‍ 14 മുതല്‍ ശക്തമായ മഴ

0

തിരുവനന്തപുരം: ( 11.05.2021) അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മ്യാന്‍മര്‍ നല്‍കിയ ‘ടൗട്ടെ ‘ Taukte (Tau tae) എന്ന പേരായിരിക്കും ഉപയോഗിക്കുക. കേരളത്തിലും 14 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സര്‍കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലില്‍ മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനം 2021 മേയ് 14 മുതല്‍ മറിച്ചൊരു അറിയിപ്പുണ്ടാകുന്ന വരെ പൂര്‍ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

You might also like