ഔദ്യോഗിക മത പ്രഖ്യാപന വാർഷികദിനം കരിദിനമായി ആചരിച്ച് ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍

0 180

ധാക്ക: ബംഗ്ലാദേശില്‍ ഇസ്ലാം ഔദ്യോഗിക മതമാക്കിയ ഭരണഘടന ഭേദഗതിയുടെ വാര്‍ഷിക ദിനമായ ജൂണ്‍ ഒൻപതിന് ബംഗ്ലാദേശിലെ ക്രിസ്ത്യാനികളും, ഹൈന്ദവരും, ബുദ്ധമതക്കാരും അടങ്ങുന്ന മതന്യൂനപക്ഷങ്ങള്‍ കരിദിനമായി ആചരിച്ചു. 1988 ജൂണ്‍ ഒൻപതിലെ എട്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇസ്ലാം ബംഗ്ലാദേശിലെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടത്. അന്നുമുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 9 ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സംയുക്ത കൂട്ടായ്മയായ ‘ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗണ്‍സില്‍’ (ബി.എച്ച്.ബി.സി.യു.സി) കരിദിനമായി ആചരിച്ചു വരികയാണ്. കരിദിനാചരണത്തോടനുബന്ധിച്ച് ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയായ ‘ബി.എച്ച്.ബി.സി.യു.സി’യുടെ പ്രതിനിധികള്‍ വിര്‍ച്വലായി യോഗം സംഘടിപ്പിച്ചിരുന്നു.

യോഗത്തില്‍വെച്ച് എട്ടാം ഭരണഘടനാ ഭേദഗതി റദ്ദ് ചെയ്യണമെന്ന തങ്ങളുടെ ആവശ്യം പ്രതിനിധികള്‍ ആവര്‍ത്തിച്ചു. എട്ടാം ഭരണഘടന ഭേദഗതിയിലൂടെ വിഭാഗീയതയുടെ രാഷ്ട്രീയത്തിന്റെ വിത്തുകള്‍ നട്ടുപിടിപ്പിക്കുകയായിരുന്നെന്ന് ബി.എച്ച്.ബി.സി.യു.സി പ്രസിഡന്റും, കത്തോലിക്ക വിശ്വാസിയുമായ നിര്‍മോള്‍ റൊസാരിയോ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശില്‍ ഈ അവസ്ഥ തുടരുകയാണെങ്കില്‍ തീവ്രവാദവും, വര്‍ഗ്ഗീയതയും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന്‍ റൊസാരിയോ ‘ഏഷ്യാന്യൂസ്’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹിന്ദുക്കളും, ബുദ്ധിസ്റ്റുകളും ക്രിസ്ത്യാനികളും താമസിക്കുന്ന ഒരു രാഷ്ട്രത്തില്‍ ഒരു മതം മാത്രം ഔദ്യോഗിക മതമായി അംഗീകരിക്കപ്പെടാന്‍ പാടില്ലെന്നും തങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന അനുസരിച്ച് മതനിരപേക്ഷ രാജ്യമായ ബംഗ്ലാദേശില്‍ ഇസ്ലാം മതം മാത്രം ഔദ്യോഗിക മതമാക്കിയതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

1971-ലെ രക്തരൂക്ഷിതമായ യുദ്ധത്തിൽ ബംഗ്ലാദേശ് ജന്മം കൊണ്ട സമയത്തുതന്നെ മതേതരത്വം സ്ഥാപിക്കപ്പെട്ടതാണെന്ന് യോഗത്തിൽ പങ്കെടുത്ത പ്രമുഖ അഭിഭാഷകയും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുൽത്താന കമൽ പറഞ്ഞു. നിലവിലെ പ്രധാനമന്ത്രി ഇത്തരം വിവേചനത്തെ അനുകൂലിക്കുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും, സാധാരണയായി ഭരണഘടന മെച്ചപ്പെടുത്തുന്നതിനാണ് ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തുന്നതെന്നും, എന്നാല്‍ 1988-ലെ ബംഗ്ലാദേശ് ഭരണഘടനാഭേദഗതി ഒരു മതവിഭാഗത്തെ അനുകൂലിക്കുന്നതിന് മാത്രമാണെന്നും അവര്‍ ആരോപിച്ചു. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ പലപ്പോഴും ഭൂരിപക്ഷ മതത്തിന്റെ പീഡനങ്ങള്‍ക്കിരയാകുന്നുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് മതന്യൂനപക്ഷങ്ങളുടെ സുരക്ഷക്കായി ഒരു മതന്യൂനപക്ഷ മന്ത്രാലയവും, സുരക്ഷാ കമ്മീഷനും രൂപീകരിക്കണമെന്നാണ് ബി.എച്ച്.ബി.സി.യു.സി ജനറല്‍ സെക്രട്ടറി റാണ ദാസ്ഗുപ്ത ആവശ്യപ്പെടുന്നത്.

You might also like
WP2Social Auto Publish Powered By : XYZScripts.com