ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിൽ തന്നെ ആദ്യം; സ്വർണക്കടത്ത് കേസിൽ യുഎഇയ്ക്ക് നോട്ടീസ് നൽകി ഇന്ത്യ

0

തിരുവനന്തപുരം: യുഎഇയിൽ നിന്ന് നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്ക് സ്വർണം കടത്തിയ കേസിൽ നിർണായക നീക്കവുമായി ഇന്ത്യ. കേസിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുഎഇ കോൺസുലേറ്റിന് നോട്ടീസ് നൽകി. കോൺസുലേറ്റിൽ ഉന്നത പദവിയിലിരുന്ന ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര നീക്കം. രാജ്യത്തിന്റെ നയതന്ത്ര ചരിത്രത്തിൽ തന്നെ ഇത്തരമൊരു നീക്കം ആദ്യമായാണ്. അതുകൊണ്ട് തന്നെ നയതന്ത്ര തലത്തിൽ ഇതിന് പ്രാധാന്യം ഏറെയാണ്.

കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും നോട്ടീസിനൊപ്പം കൈമാറിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്കും ചാര്‍ജ് ഡെ അഫയേഴ്സ് റാഷിദ് ഖമീസിനും വേണ്ടിയാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇവർക്ക് നേരത്തെ ഷോക്കോസ് നോട്ടീസും നൽകിയിരുന്നു. യുഎഇ ഇക്കാര്യത്തിലെടുക്കുന്ന തീരുമാനം അനുസരിച്ചിരിക്കും കേസിന്റെ മുന്നോട്ടുള്ള പോക്ക്.

1962 കസ്റ്റംസ് ആക്ട് സെക്ഷന്‍ 124 പ്രകാരം നമ്പര്‍ 29/2021 നോട്ടിസ് വിദേശകാര്യമന്ത്രാലയം യുഎഇ എംബസിക്ക് വെള്ളിയാഴ്ച്ചയാണ് കൈമാറിയത്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തതായും ഔദ്യോഗിക ചുമതലകള്‍ക്ക് അപ്പുറം സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായതായുമുള്ള കസ്റ്റംസിന്‍റെ കണ്ടെത്തല്‍.

You might also like