കേരളത്തിലെ സുറിയാനി അക്ഷരങ്ങൾ വായിച്ചുമനസ്സിലാക്കാൻ പുതിയ സോഫ്റ്റ് വെയർ ഒരുങ്ങുന്നു

0

കോട്ടയം: സുറിയാനി ക്രൈസ്തവരുടെ ചരിത്രപ്പഴമ കണ്ടെത്താൻ സഹായിക്കുന്ന പുരാതന സുറിയാനി കയ്യെഴുത്തുപ്രതികളിലെയും താളിയോലകളിലെയും ക്യാരക്ടറും കൈയക്ഷരവും തിരിച്ചറിയാനുള്ള സോഫ്റ്റ്വെയർ നിർമിതിക്ക് ഒരുങ്ങുകയാണ് ഇത്വാൻ പെർസലും സംഘവും. ബൈസന്റയിൻ ചരിത്രത്തിലും ആദിമ ക്രൈസ്തവ ചരിത്രത്തിലും പണ്ഡിതനാണ് ഹംഗറിക്കാരനായ ഇത്വാൻ പെർസെൽ. സുറിയാനി ക്രിസ്ത്യാനികൾ ഉപയോഗിച്ചുവന്ന ‘ഗർഷണി മലയാളം ലിപി വീണ്ടെടുക്കാനാണ് സംഘം ശ്രമിക്കുന്നത്. ഗർഷുണി അഥവാ കർഷുണി സുറിയാനി അക്ഷരമാല ഉപയോഗിച്ചുള്ള മലയാളം എഴുത്തുകളാണ്. ഇത് ‘സുറിയാനി മലയാളം’ എന്നാണ് അറിയപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടുവരെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ഈ ലിപി ഉപയോഗിച്ചിരുന്നു. സുറിയാനി അക്ഷരമാല വ്യത്യസ്ത രൂപത്തിൽ എഴുതിയ ഒരു ഭാഷാഭേദമാണ് കർഷോണി. പോർച്ചുഗീസുകാരുടെ കേരളത്തിലേക്കുളള വരവിനുശേഷം നടന്ന ഉദയംപേരൂർ സുന്നഹദോസിൽ മലങ്കരയിലെ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ അതിപുരാതന ഗ്രന്ഥങ്ങളും താളിയോലഗ്രന്ഥങ്ങളും ആരാധനാക്രമങ്ങളും ഗോവ ആർച്ചുബിഷപ്പ് മെനേസിസിന്റെ നേതൃത്വത്തിൽ ഉദയമ്പേരൂർ പള്ളിമുറ്റത്ത്‌ കൂട്ടിയിട്ട്‌ കത്തിച്ചു. സുറിയാനി ക്രിസ്ത്യാനികളുടെ മതപരവും സാഹിത്യപരവുമായ സംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വലിയ ഗ്രന്ഥശേഖരം അങ്ങനെ നശിപ്പിക്കപ്പെട്ടു.

സെന്റ് തോമസ് ക്രിസ്ത്യാനികളുടെ നാട്ടുഭാഷാ കൃതികൾ പോലും സുറിയാനി മലയാളത്തിലാണ് എഴുതിവന്നത്‌. പോർച്ചുഗീസുകാരുടെ ലത്തീൻവൽക്കരണത്തോടനുബന്ധിച്ച് ഇവയൊക്കെ കണ്ടെത്തി നശിപ്പിക്കുകയായിരുന്നു. എന്നാൽ ശേഷിക്കുന്ന ചില താളിയോലകളും കൈയെഴുത്തുപ്രതികളും കൽ ലിഖിതങ്ങളും വായിക്കാനുള്ള സംവിധാനം ഉണ്ടാകുന്നതോടെ പോർച്ചുഗീസ് ആധിപത്യത്തിന് മുൻപുണ്ടായിരുന്ന കേരള ക്രൈസ്തവരുടെ സഭാഭരണക്രമവും സഭാനിയമങ്ങളും സംസ്കാരവും കണ്ടെത്താൻ സാധിക്കും. നസ്രാണികൾക്ക് പള്ളിയോഗങ്ങളും പ്രതിപുരുഷയോഗങ്ങളും ജനാധിപത്യ വ്യവസ്ഥയും ഉണ്ടായിരുന്നത് ലത്തീൻവൽക്കരണത്തോടെ അട്ടിമറിക്കപ്പെടുകയും വൈദേശിക ആധിപത്യത്തിന്റെ ഒരു അധികാരശ്രേണിയിലേക്ക് അവരെ കൊണ്ടുവരികയും ചെയ്തു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഇത്വാൻ പെർസെലിൻറെ പുതിയ സാങ്കേതികവിദ്യയിലൂടെ കേരളത്തിലെ പുരാതനസഭയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

You might also like
WP2Social Auto Publish Powered By : XYZScripts.com