റെക്കോര്‍ഡ് വാക്‌സിന്‍ ഇറക്കുമതി; റഷ്യയുടെ 30 ലക്ഷം ഡോസ് സ്പുട്നിക് വാക്‌സിന്‍ ഇന്ത്യയിലെത്തി

0

റഷ്യയുടെ സ്പുട്നിക് വി വാക്സിന്റെ 30 ലക്ഷം ഡോസ് ഹൈദരാബാദില്‍ എത്തി. ഇന്ത്യയില്‍ എത്തുന്ന കോവിഡ് വാകസിനുകളുടെ ഏറ്റവും വലിയ ഇറക്കുമതിയാണിത്. പുലര്‍ച്ചെ 3:43 ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലെത്തിലാണ് വാക്‌സിന്‍ എത്തിച്ചത്.

സ്പുട്‌നിക് വി വാക്‌സിന് പ്രത്യേക കൈകാര്യം ചെയ്യലും സംഭരണവും ആവശ്യമാണ്. ഇത് 20 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടതുണ്ട്, ജിഎംആര്‍ ഹൈദരാബാദ് എയര്‍ കാര്‍ഗോ പ്രസ്താവനയില്‍ പറഞ്ഞു. ഹൈദരാബാദ് നിലവില്‍ രാജ്യത്തേക്കുള്ള വാക്സിന്‍ ഇറക്കുമതിയുടെ ഒരു ഹബ്ബായി മാറിയിരിക്കുകയാണ്.വാക്സിനുകളുടെ ഇറക്കുമതിയും കയറ്റി അയക്കലും സുഗമമായ നടത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഹൈദരാബാദ് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെകിന്റെ കോവാക്സിനും ശേഷം ഇന്ത്യയില്‍ ആദ്യമായി വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചത് സ്പുട്നിക് വാക്സിനാണ്. വാക്സിന്‍ വിതരണം സുഗമമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മറ്റ് നടപടികളും മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വാക്സിന്‍ സപ്ലൈ ചെയിന്‍ ടീം, കസ്റ്റംസ് ഉദ്യോഗസ്ഥര്‍, മറ്റ് ഗ്രൂപ്പുകള്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

വാക്‌സിന്‍ ക്ഷാമം മൂലം വാക്‌സിനേഷന്‍ തടസ്സപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങള്‍ ഡോസുകള്‍ വേഗത്തില്‍ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ജൂണ്‍ രണ്ടാം വാരം മുതല്‍ ഇന്ത്യയിലെ ആശുപത്രികളിലുടനീളം സ്പുട്‌നിക് വി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഡോസിന് 1,195 രൂപയാണ് വില. ഏപ്രില്‍ 12 നാണ് അടിയന്തര ഉപയോഗ അംഗീകാര നടപടിക്രമങ്ങള്‍ പ്രകാരം സ്പുട്‌നിക് വി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്.

You might also like