രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദനം ഓഗസ്റ്റ് മുതല്‍ ആരംഭിക്കും

0

ന്യൂഡല്‍ഹി: .ഇന്ത്യയില്‍ റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വിയുടെ ഉത്പാദനം ഓഗസ്റ്റ് മുതല്‍ ആരംഭിക്കും. സ്പുട്‌നിക് വി വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ഉടന്‍ ഇന്ത്യക്ക് കൈമാറും. മെയ് അവസാനത്തോടെ 3 ദശലക്ഷത്തിലധികം വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ജൂണില്‍ ഇത് അഞ്ചു ദശലക്ഷമായി ഉയര്‍ത്തുമെന്നും ഡി ബി വെങ്കടേഷ് വര്‍മ്മ പറഞ്ഞു.

ഇന്ത്യയില്‍ തുടക്കത്തില്‍ 850 ദശലക്ഷം ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്നും വെങ്കടേഷ് വര്‍മ്മ പറഞ്ഞു. ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ്. ഇതിനകം തന്നെ രണ്ട് ലക്ഷത്തിലധികം ഡോസുകള്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് ഇറക്കുമതി ചെയ്ത സ്പുട്‌നിക് വാക്‌സിന്‍ വിപണിയില്‍ എത്തിയിട്ടില്ല. ഇറക്കുമതി ചെയ്ത ഒരു ഡോസ് വാക്‌സിന് 995 രൂപ വെച്ചാണ് ഈടാക്കുന്നത്. എന്നാല്‍ രാജ്യത്ത് ഉത്പാദനം ആരംഭിക്കുമ്ബോള്‍ ഇതിന്റെ വില കുറയുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം രാജ്യത്ത് 2,57,299പേര്‍ക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 4, 194 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇന്നലെയുള്ള കണക്കുകള്‍ കൂടി വന്നതോടെ ഇതോടെ രാജ്യത്ത് ആകെ കേസുകള്‍ 2.62 കോടി കടന്നു. മരണം മൂന്ന് ലക്ഷവും കടന്നു.

You might also like