തീവ്രവാദി ആക്രമണം; ഇരകൾക്കു വേണ്ടി അനുദിന പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനവുമായി ബുര്‍ക്കിനാ ഫാസോ മെത്രാപ്പോലീത്ത

0

 

തീവ്രവാദി ആക്രമണം; ഇരകൾക്കു വേണ്ടി അനുദിന പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനവുമായി ബുര്‍ക്കിനാ ഫാസോ മെത്രാപ്പോലീത

ഔഗഡൗഗൗ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ സമീപ വര്‍ഷങ്ങളില്‍ നേരിട്ട ഏറ്റവും വലിയ തീവ്രവാദി അക്രമണത്തിനിരയായവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഔഗഡൗഗൗ അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഫിലിപ്പെ ഔവ്വേഡ്രാവോഗോ. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് ബുര്‍ക്കിനാ ഫാസോയുടെ വടക്ക് ഭാഗത്തുള്ള സൊല്‍ഹാനിലെ ഗ്രാമത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നൂറ്റിഅറുപതോളം പേരാണ് കൊല്ലപ്പെട്ടത്.

ഓരോ ദിവസത്തേയും വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, ‘നന്മനിറഞ്ഞ മറിയവും’ ചൊല്ലിയതിന് ശേഷം ബുര്‍ക്കിനാഫാസോക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും, വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനയും ചൊല്ലിക്കൊണ്ട്‌ ഉപസംഹരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനത്തില്‍ പറയുന്നത്. ‘സഭാകുടുംബത്തിന്റെ പേരില്‍ ദുഃഖിതരായ കുടുംബങ്ങളോടുള്ള അനുശോചനം അറിയിക്കുകയും, സൊൽഹാനിലെ ആക്രമണത്തിനിരയായവര്‍ക്ക് പുറമേ, സാധാരണക്കാരും പട്ടാളക്കാരും ഉള്‍പ്പെടെ തീവ്രവാദി ആക്രമണങ്ങള്‍ക്കിരയായ എല്ലാവരേയും ദൈവത്തിന്റെ കാരുണ്യത്തിനായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇരകളുടെ മതമോ വംശമോ നോക്കാതെ, ആക്രമണത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആഹ്വാനത്തിലുണ്ട്. നേരത്തെ ആക്രമണത്തിന് ഇരയായവര്‍ക്ക് വേണ്ടി 72 മണിക്കൂര്‍ പ്രാര്‍ത്ഥനക്ക് ബുര്‍ക്കിനാഫാസോ പ്രസിഡന്റ് ആഹ്വാനം ചെയ്ത് 2 ദിവസങ്ങള്‍ക്ക് ശേഷമാണ് മെത്രാപ്പോലീത്തയുടെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ ജൂണ്‍ 5-നാണ് യാഘാ പ്രവിശ്യയിലെ സൊല്‍ഹാനില്‍ ആയുധധാരികളായ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

160 പേര്‍ കൊല്ലപ്പെട്ടതിനു പുറമേ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, പ്രാദേശിക ചന്തയും, നിരവധി ഭവനങ്ങളും അഗ്നിക്കിരയാവുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ദിനമായ നാളെ ജൂൺ 11 വെള്ളിയാഴ്ച ഉപവാസമനുഷ്ടിക്കുവാന്‍ ആഫ്രിക്കയിലേയും മഡഗാസ്കറിലേയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ (SECAM) സിമ്പോസിയം പ്രസിഡന്റും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയും ബുര്‍ക്കിനാ ഫാസോയിലെ ആക്രമണങ്ങള്‍ക്കിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്തിരിന്നു.

You might also like