ട്രമ്പിൻ്റെ ഉപദേശക സമിതിയിലേക്ക് ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസീയർ ആയി ഡോ ടിം ഹിൽ നിയമിതനായി.

0 98

വാഷിഗ്ടൺ: ലോകമെങ്ങുമുള്ള പെന്തക്കോസ്തു സമൂഹത്തിന് ഇത് അഭിമാന നിമിഷം. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിന്റെ ഇന്റർ ഫെയ്ത്ത് അഡ്വൈസറി കൗൺസിലിലേക്ക്
ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസീയർ ഡോ. ടിം ഹിൽ നിയമിതനായി.

രാജ്യത്തുടനീളമുള്ള  ഇരുപതോളം ആത്മിയനേതാക്കൾ ചേരുന്നതാണ് ഇന്റർ ഫെയ്ത്ത് അഡ്വൈസറി കൗൺസിൽ. ആത്മിയവും വിശ്വാസപരവുമായ വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡണ്ടിന്റെ ഉപദേശക സമിതിയായി പ്രവർത്തിക്കുകയാണ് കൗൺസിലിൻ്റെ ലക്ഷ്യമെന്ന്
വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കൊവിഡ് 19 ഭീഷണി അമേരിക്കയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഭീതിയിലായ ജനത്തിലേറെയും വീടിനുള്ളിൽ ഇപ്പോൾ അടച്ചിട്ട നിലയിലാണ്. ഈ സ്ഥിതിയിൽ നിന്നും എങ്ങനെ പുറത്തേക്ക് വരുമെന്ന ആശങ്കയിലാണ് അവർ. എന്നാൽ അധികം വൈകാതെ തന്നെ സമൂഹത്തെ ഒന്നാകെ പ്രതിസന്ധിയെ അതിജീവിച്ച്
പുറത്തു കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ ഭരണകൂടം. ഇതോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ എപ്പോൾ, എങ്ങനെ – സാധാരണ നിലയിലെത്തിക്കാമെന്നുള്ള നിർദ്ദേശങ്ങൾ പ്രസിഡണ്ടിന് നൽകുകയാണ് ഈ ഉപദേശക സമിതിയുടെ ദൗത്യം.

സാമ്പത്തിക, ബിസിനസ്സ്, വിശ്വാസ സമൂഹങ്ങളുടെ പ്രത്യേക മേഖലകളെ അഭിസംബോധന ചെയ്യുന്നതിനായി വിവിധ ഉപദേശക സമിതികളെയും ഇതോടൊപ്പം പ്രസിഡണ്ട് ട്രമ്പ് നിയോഗിച്ചിട്ടുണ്ട്. ഇന്റർഫെയ്ത്ത് അഡ്വൈസറി കൗൺസിലിൻ്റെ ആദ്യ യോഗം ഓൺലൈനിലൂടെ വൈകാതെ തന്നെ ചേരും.

പുതിയ നിയമനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസിയർ ഡോ.ഹിൽ പ്രതികരിച്ചത് ഇങ്ങനെയാണ്:

“അമേരിക്കൻ പ്രസിഡണ്ടിൻ്റെ ഉപദേശക സമിതിയിലേക്ക് നിയമിക്കപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു.നമ്മുടെ രാജ്യം പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാണ് ഈ സമിതി. ഇതിൽ യാതൊരു രാഷ്ട്രീയവുമില്ല. പകരം
നമ്മുടെ വിശ്വാസ സമൂഹത്തെ പ്രതിനിധികരിക്കുകയാണ്.ക്രിസ്തുവിന്റെ സഭ സുവിശേഷവും ദൈവത്തിലുള്ള പ്രത്യാശയും പ്രചരിപ്പിക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തി, ശക്തമായ വഴിയിലൂടെ മുന്നേറുകയാണ്.വൈറ്റ് ഹൗസിനുള്ളിൽ സഭകളെ, പ്രത്യേകമായി നമ്മുടെ പെന്തക്കോസ്ത് പൈതൃകത്തെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു.” കടപ്പാട്

You might also like
WP2Social Auto Publish Powered By : XYZScripts.com