ടോക്കിയോ ഒളിമ്ബിക്സ്; വനിതാ ഹോക്കിയില്‍ ആദ്യ ജയം തേടി ഇന്ത്യന്‍ ടീം ഇന്നിറങ്ങും

0

ടോക്കിയോ ഒളിമ്ബിക്സിലെ വനിതാ ഹോക്കിയില്‍ ആദ്യ ജയം തേടി ഇന്ത്യന്‍ ടീം ഇന്നിറങ്ങും. വൈകിട്ട് 5: 45 ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ജര്‍മനിയാണ് ഇന്ത്യയുടെ എതിരാളി.

നെതര്‍ലണ്ട്സിനെതിരെ തോറ്റു തുടങ്ങിയ ഇന്ത്യന്‍ പെണ്‍പടയ്ക്ക് ഹോക്കിയില്‍ ഇന്ന് വിജയിക്കണം. പൂള്‍ എയില്‍ നെതര്‍ലണ്ട്സിനോട് തോറ്റ മത്സരത്തില്‍ ഇന്ത്യ പുറത്തെടുത്തത് നിരാശാജനകമായ പ്രകടനമായിരുന്നു. കളിയില്‍ സമഗ്ര മേധാവിത്വം പുലര്‍ത്തിയായിരുന്നു ഡച്ച്‌ വനിതകളുടെ വിജയാഘോഷം. ഒന്നിനെതിരെ അഞ്ചു ഗോളുകളാണ് നെതര്‍ലണ്ട്സിനെതിരെ ഇന്ത്യ വഴങ്ങിയത്. തുടര്‍ തോല്‍വി ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും.

അതിനാല്‍ തന്നെ കരുത്തരായ ജര്‍മനിക്കെതിരെ കരുതലോടെയാണ് ഇന്ത്യന്‍ സംഘം. മധ്യനിര ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ സോര്‍ദ് മരിന്‍ .മുന്നേറ്റത്തില്‍ നവനീത് കൗറും വന്ദന കടാരിയയും ഡ്രാഗ് ഫ്ലിക്കര്‍ ഗുര്‍ജിത് കൗറും ഫോം വീണ്ടെടുത്താല്‍ ഇന്ത്യക്ക് ജര്‍മനിയെ വിറപ്പിക്കാം.

അതേ സമയം ആദ്യ മത്സരത്തില്‍ ഗേറ്റ് ബ്രിട്ടണെ 2 – 1 ന് തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജര്‍മനി .തുടര്‍ വിജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഉറച്ചാണ് ജര്‍മന്‍ പെണ്‍പട ഇറങ്ങുക.

പൂള്‍ എ യില്‍ ഹോളണ്ട്, ബ്രിട്ടന്‍, ജര്‍മനി, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇന്ത്യക്കൊപ്പം. 28ന് ഗ്രേറ്റ് ബ്രിട്ടണെയും 30 ന് അയര്‍ലണ്ടിനെയും 31 ന് ദക്ഷിണാഫ്രിക്കയെയും ഇന്ത്യ നേരിടും. ഓഗസ്റ്റ് 2 ന് ക്വാര്‍ട്ടര്‍ ഫൈനലുകളും ഓഗസ്ത് 4 ന് സെമി ഫൈനലുകളും നടക്കും. ഓഗസ്റ്റ് ആറിനാണ് വനിതാ ഹോക്കിയിലെ സ്വര്‍ണ്ണ മെഡല്‍ പോരാട്ടം.

You might also like