കോവാക്സിന് യുകെയുടെ അംഗീകാരം; 22 മുതൽ എത്തുന്നവര്‍ക്ക്‌ ക്വാറന്റീൻ വേണ്ട

0

ലണ്ടൻ∙ കോവാക്സിന് യുകെയുടെ അംഗീകാരം ലഭിച്ചു. കോവാക്‌സിന്‍ എടുത്തവര്‍ക്ക്‌ നവംബർ 22ന് ശേഷം യുകെയിൽ പ്രവേശിക്കുന്നതിന് ക്വാറന്റീൻ വേണ്ടിവരില്ല. കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതു പിന്നാലെയാണ് യുകെയുടെ നടപടി. ഡെൽറ്റ വകഭേദത്തിനെതിരെ കോവാക്സിൻ 70 ശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

അംഗീകാരം നൽകിയ വാക്സീനുകളുടെ പട്ടികയിൽ കോവാക്സിനും ഉൾപ്പെടുത്തുമെന്നു യുകെ സർക്കാർ അറിയിച്ചു. നവംബർ 22 മുതൽ കോവാക്സിൻ എടുത്ത യാത്രക്കാർക്കും യുകെയിൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് ട്വിറ്ററിൽ പ്രതികരിച്ചു. നവംബർ 22ന് പുലർച്ചെ നാല് മണി മുതലാണു മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ കുത്തിവയ്ക്കുന്ന രണ്ടാമത്തെ വാക്സീനാണ് കോവാക്സിൻ. കോവിഷീൽഡ് വാക്സീൻ യുകെ കഴിഞ്ഞ മാസം തന്നെ അംഗീകാരം നൽകിയിരുന്നു. കോവാക്സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സീനുകൾക്കും യുകെയുടെ അംഗീകാരം ലഭിച്ചു. ഈ രണ്ടു വാക്സീനുകൾക്കും ലോകാരോഗ്യസംഘടന നേരത്തേ അടിയന്തര അനുമതി നൽകിയിരുന്നു. യുഎഇയിൽനിന്നും മലേഷ്യയിൽനിന്നുമുള്ള യാത്രക്കാർക്ക് ഇതു ഗുണകരമാകും. ഇവർ യാത്രയ്ക്കു മുൻപുള്ള കോവിഡ് പരിശോധനയിൽ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീൻ എന്നിവയിലും ഇളവുണ്ടാകും.

You might also like