യൂണിവേഴ്സിറ്റിക്ക് വഴിയൊരുക്കാന്‍ ഫ്രാന്‍സില്‍ ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ക്രൈസ്തവ ദേവാലയം തകര്‍ത്തു

0 292

വടക്കന്‍ ഫ്രാന്‍സിലെ ലില്ലേയില്‍ ജെസ്യൂട്ട് മിഷ്ണറിമാര്‍ സ്ഥാപിച്ച 135 വര്‍ഷങ്ങളുടെ പഴക്കമുള്ള കത്തോലിക്ക ദേവാലയം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ലില്ലേയിലെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കെട്ടിടത്തിലേക്ക് വഴിയുണ്ടാക്കുന്നതിനായിട്ടാണ് ചരിത്രപ്രാധാന്യമുള്ള ഈ ദേവാലയം അധികാരികള്‍ പൊളിച്ചുമാറ്റുന്നത്. വരും മാസങ്ങളില്‍ പൊളിച്ചുമാറ്റാനിരിക്കുന്ന നിരവധി പുരാതന ദേവാലയങ്ങളില്‍ ആദ്യത്തേതാണ് വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം. ഇതേ ദേവാലയം രൂപകല്‍പ്പന ചെയ്ത അഗസ്റ്റെ മോര്‍ക്കോ രൂപകല്‍പ്പന ചെയ്ത തൊട്ടടുത്തുള്ള റാമ്യൂ കൊട്ടാരം പൊളിക്കാതെ നിലനിര്ര്‍ത്തുകയും ചെയ്ട്ടുണ്ടെന്നത് പ്രതിഷേധം ഇരട്ടിയാക്കുകയാണ്.

ഒന്നേകാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള സെന്റ്‌ ജോസഫ് ചാപ്പല്‍ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ‘അര്‍ജെന്‍സെസ് പാട്രിമോയിനെ’ എന്ന സംഘടന ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയത്തെ സമീപിച്ചെങ്കിലും മന്ത്രാലയം അഭ്യര്‍ത്ഥന നിരസിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി 120 മില്യണ്‍ യൂറോ മുതല്‍മുടക്കില്‍ നടപ്പിലാക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്ന പ്രധാന പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സാംസ്കാരിക മന്ത്രാലയം ഇതിന്റെ കാരണമായി ന്യായീകരിക്കുന്നത്. ചരിത്രമുറങ്ങുന്ന സെന്റ്‌ ജോസഫ് ചാപ്പല്‍ പൊളിച്ചുമാറ്റരുതെന്നാവശ്യപ്പെട്ടുകൊണ്ട് സംഘടന 12,400-പേര്‍ ഒപ്പിട്ട പരാതി സമര്‍പ്പിച്ചുവെങ്കിലും, ഫെബ്രുവരിയില്‍ ആരംഭിച്ച പൊളിച്ചുമാറ്റലിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇതിനിടയില്‍, അരാസ് രൂപതയുടെ കീഴിലുള്ള ഡെക്കോ കലാശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള സെന്റ്‌ ജെര്‍മ്മൈനെ കസിന്‍ ദേവാലയം പൊളിച്ചുമാറ്റി പകരം അപ്പാര്ട്ട്മെന്റ് സമുച്ചയം പണികഴിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ടെന്നാണ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ഇറ്റാലിയന്‍ ഭാഷാവിഭാഗമായ എ.സി.ഐ സ്റ്റാംപയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1997-മുതല്‍ ഫ്രഞ്ച് സര്‍ക്കാര്‍ സംരക്ഷിത നിര്‍മ്മിതിയായ പരിഗണിച്ചു വരുന്നതാണ് ഈ ദേവാലയം. ദേവാലയം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രാദേശിക വിശ്വാസീ സമൂഹം ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 1907­-ലെ നിയമപ്രകാരം ദേവാലയങ്ങളെ നശിപ്പിക്കണമോ സംരക്ഷിക്കണമോ എന്നത് സംബന്ധിച്ച അവസാന വാക്ക് പ്രാദേശിക അധികാരികളുടേതാണ്.

You might also like
WP2Social Auto Publish Powered By : XYZScripts.com