കേരളത്തില്‍ വാക്‌സിന്‍ എടുത്ത ആയിരക്കണക്കിന് ആളുകളില്‍ കോവിഡ് വ്യാപനം കൂടുന്നു : ആശങ്കാജനകമെന്ന് കേന്ദ്രസംഘം

0

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടും രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നു. പത്തനംതിട്ട ജില്ലയില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 7000 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിദഗ്ധ സംഘം കണ്ടെത്തിയെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 258 പേര്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ രണ്ടാഴ്ച പിന്നിട്ടവരാണെന്നും കേന്ദ്ര വിദഗ്ധസംഘം കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വാക്‌സിന്‍ കുത്തിവെയ്പ്പില്‍ പിഴവ് ഉണ്ടായോ, മറ്റെന്തെങ്കിലും കാരണമാണോ എന്ന് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

എല്ലാ ജില്ലകളിലെയും വാക്‌സിനേഷന് ശേഷം ഉണ്ടായ രോഗബാധ (ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്റെ) കണക്ക് സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമേ സംസ്ഥാനത്തെ യഥാര്‍ത്ഥ സ്ഥിതി വിലയിരുത്താനാകൂ എന്നാണ് വിദഗ്ധ സമിതി അംഗങ്ങള്‍ സൂചിപ്പിക്കുന്നത്. 14,974 പേര്‍ക്കാണ് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചശേഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 4490 പേര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 15 ദിവസം പിന്നിട്ടവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും വിദഗ്ധസംഘം കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

You might also like