ഓസ്‌ട്രേലിയയില്‍ കൊവിഡ് വാക്‌സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതി

0

വിക്ടോറിയ: സംസ്ഥാനത്ത് സ്ഥാപിക്കാൻ പദ്ധതിയിടുന്ന പുതിയ mRNA (മെസ്സഞ്ചർ RNA) കൊവിഡ് വാക്‌സിൻ നിർമ്മാണ കേന്ദ്രത്തിനായി 50 മില്യൺ ഡോളറാണ് വിക്ടോറിയൻ സർക്കാർ മാറ്റിവച്ചിരിക്കുന്നതെന്ന് ആക്‌ടിംഗ്‌ പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.

ഡോറെട്ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മറ്റ് ഗവേഷക കേന്ദ്രങ്ങളുടെയും സഹായത്തോടെ മൊണാഷ് യൂണിവേഴ്സിറ്റിയും മെൽബൺ യൂണിവേഴ്സിറ്റിയും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന ഫൈസർ, മോഡേണ എന്നീ കൊവിഡ് വാക്‌സിനുകളാണ് mRNA സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത്. അധികം ചിലവില്ലാതെ വളരെ എളുപ്പത്തിലും സുരക്ഷിതമായും mRNA വാക്‌സിൻ സാങ്കേതിക വിദ്യ വികസിപ്പിക്കാം.

പുതിയ mRNA വാക്‌സിൻ നിർമ്മാണ യൂണിറ്റ് പദ്ധതി നടപ്പിലായാൽ ഇത്തരമൊരു നിർമ്മാണ കേന്ദ്രം ഉള്ള ദക്ഷിണാർദ്ധഗോളത്തിലെ തന്നെ ഏക പ്രദേശമാകും വിക്ടോറിയ.

അതിനാൽ വിക്ടോറിയക്കാർക്ക് മാത്രമല്ല ഓസ്ട്രേലിയയുടെ എല്ലാ ഭാഗങ്ങളിലുമുള്ളവർക്ക് പ്രധാനപ്പെട്ട പ്രഖ്യാപനമാണിതെന്ന് മെർലിനോ പറഞ്ഞു.

നിലവിൽ ആസ്ട്രസെനക്ക വാക്‌സിൻ നിർമ്മിക്കാനുള്ള ശേഷി മാത്രമാണ് പ്രാദേശികമായി ഓസ്‌ട്രേലിയ്ക്കുള്ളത്. വിക്ടോറിയയിലെ സി എസ് എൽ സംവിധാനത്തിൽ ആസ്ട്രസെനക്കയുടെ 50 മില്യൺ ഡോസുകൾ നിർമ്മിക്കുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ വാക്‌സിൻ എടുത്തതിന് പിന്നാലെ രക്തം കട്ടപിടിക്കൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് 50 വയസ്സിൽ താഴെയുള്ളവർക്ക് ഫൈസർ വാക്സിന് നല്കുന്നതിന് പരിഗണന നല്കാന് തീരുമാനിച്ചു.

ഇതേത്തുടർന്ന് കൂടുതൽ പേർക്ക് ഫൈസർ വാക്‌സിൻ നൽകാനാണ് സർക്കാർ തീരുമാനം. ഇത് മൂലം വാക്‌സിൻ വിതരണത്തിന് തടസ്സം നേരിടുകയും വിദേശത്ത് നിന്ന് കൂടുതൽ ഫൈസർ വാക്‌സിൻ ആവശ്യപ്പെടുകയും ചെയ്യേണ്ടി വന്നു.

അതിനാൽ പ്രാദേശികമായി mRNA സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വാക്‌സിനുകൾ നിർമ്മിക്കുന്നത് വഴി കൂടുതൽ വാക്‌സിനുകൾ ഓസ്‌ട്രേലിയയിൽ ലഭ്യമാക്കാൻ സാധിക്കുമെന്നും ജെയിംസ് മെർലിനോ ചൂണ്ടിക്കാട്ടി.

കൊവിഡ് വാക്‌സിന് പുറമെ ക്യാൻസറിന്റെ ചികിത്സക്കും വിരളമായി കാണപ്പെടുന്ന മറ്റ് അസുഖങ്ങളുടെ ചികിത്സക്കും mRNA സാങ്കേതികവിദ്യ നിർണ്ണായക പങ്കുവഹിക്കുമെന്ന് ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.

വിക്ടോറിയയിൽ സ്ഥാപിക്കുന്ന mRNA നിർമ്മാണ കേന്ദ്രം ഭാവിയിലേക്കുള്ള ഒരു വഴികാട്ടിയാണെന്നും ജെയിംസ് മെർലിനോ സൂചിപ്പിച്ചു.

You might also like