കുടുമയും കടമയും കുറെ വേദനകളും

0
കഴിഞ്ഞ ദിവസം ഒരു പെന്തക്കൊസ്തു വിവാഹ ശുശ്രൂഷ നടന്നു. വിവാഹ ഫോട്ടോയും വീഡിയോയും വൈറൽ ആയി. കോവിഡ്‌ പ്രോട്ടോക്കോൾ അനുസരിച്ചു സാക്ഷികൾ കുറവായിരുന്നു എങ്കിലും ലോകം മുഴുവൻ വിവാഹം കണ്ടു. വധു ഒരു ദൈവദാസന്റെ മകൾ. വരൻ കുടുമ കെട്ടിയ പെന്തക്കൊസ്തുകാരൻ. മാതാപിതാക്കൾ കണ്ടെത്തി ആലോചിച്ചതോ, വധുവരന്മാർ തമ്മിൽ കണ്ടു തീരുമാനിച്ചതോ, ഏതെന്നു വ്യക്തമല്ല. എന്തായാലും കുടുമയുള്ള വരൻ ലോകത്തിനു മുമ്പിൽ ശ്രദ്ധേയനായി, സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി. ഒടുവിൽ വിവാഹശുശ്രൂഷക്കു അദ്ധ്യക്ഷത വഹിച്ച സുപ്രസിദ്ധ വേദാദ്ധ്യാപകനും വിവാഹശുശ്രൂഷ നിർവ്വഹിച്ച സുപ്രസിദ്ധ പെന്തക്കൊസ്തു സഭയുടെ പാസ്റ്ററും ടിവി പ്രഭാഷകനും കുറ്റം സമ്മതിച്ചു മാപ്പ്‌ പറഞ്ഞു. തിരുവെഴുത്തു മാന്യമാണെന്നു വിലയിരുത്തുന്ന വിവാഹം അപമാനിക്കപ്പെടാൻ കാരണം എന്തു? അതിനു കാരണക്കാർ ആരൊക്കെ? എന്നു ചിന്തിക്കുന്നതു വരും തലമുറക്കു പാഠമാകും എന്നു കരുതിയാണു ഈ വിശകലനം.
1. പെന്തക്കൊസ്തു തലമുറ അറിയാൻ: ഇന്നത്തെ യുവതലമുറ അവർക്കുള്ള ഉന്നതവിദ്യാഭ്യാസത്തിന്റെ മുന്നേറ്റം കൊണ്ടോ, അവർക്കു മാതാപിതാക്കൾ നൽകുന്ന അമിത സ്വാതന്ത്ര്യം കൊണ്ടോ, പണത്തിന്റെ പെരുപ്പം കൊണ്ടോ, ആത്‌മീയ വിഷയങ്ങളിലെ ഗൗരവമില്ലായ്മകൊണ്ടോ തെറ്റായ ദിശയിലൂടെ ചിലരെങ്കിലും സഞ്ചരിക്കുന്നു എന്ന ഒരു പാഠം ഇന്നത്തെ യുവതലമുറ തിരിച്ചറിയേണ്ടിയിരിക്കുന്നു. മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ മനസിലാക്കി വളരുന്ന ഒരുകൂട്ടം യുവതീയുവാക്കൾ മാതാപിതാക്കളെ അനുസരിച്ചും ബഹുമാനിച്ചും, അവർക്കു മാന്യത ലഭിക്കത്തക്കവിധം ശ്രദ്ധയോടും സൂക്ഷ്മതയോടും, അഹംഭാവം ഉപേക്ഷിച്ചു വിനയത്തോടെ, ആത്മീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു നിലകൊള്ളുന്നു എന്നതു പെന്തക്കൊസ്തിനു അഭിമാനമാണു. എന്നാൽ സുഭിക്ഷതയിൽ, സുഖലോലുപതയിൽ വളർന്നു വരുന്ന ചിലർ ഈ ലോകത്തിനു അനുരൂപമായി ആർഭാടമായി ആഘോഷമായി ലോകമോഹങ്ങളിൽ ലയിച്ചു, പുളെച്ചു മദിച്ചു ജീവിക്കുന്നു. അവരെ ആരെങ്കിലും ഉപദേശിക്കുന്നതും തിരുത്തുന്നതും, അനിഷ്ടമായി അവർ കാണുന്നു. ഒടുവിൽ തന്നിഷ്ടത്തിനു ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നു. ചിലർ വിവാഹത്തിനായി കാത്തിരിക്കാതെ ഒരുമിച്ചു ജീവിക്കാൻ തുടങ്ങുന്നു. ചിലർ മാതാപിതാക്കളെ നിർബന്ധിക്കയോ ഭീഷണിപ്പെടുത്തുകയോ ചെയ്ത്‌ വിവാഹം നടത്തിക്കൊടുക്കാൻ നിർബ്ബന്ധിതരാകുന്നു. മാതാപിതാക്കൾക്കു അതുനിമിത്തമുണ്ടാകുന്ന അപമാനത്തെയോ ഹൃദയവേദനയെയോ അവർ ഗണ്യമാക്കുന്നില്ല. ഒടുവിൽ മാതാപിതാക്കളുടെയും ദൈവദാസന്മാരുടെയും ശാപമേറ്റു അവരുടെ ജീവിതം താറുമാറാകുന്നു.
2. മാതാപിതാക്കൾ അറിയാൻ: മാതാപിതാക്കൾ ദൈവവചനപ്രകാരം മക്കളെ ബാലശിക്ഷയിലും പഥ്യോപദേശത്തിലും പോറ്റി വളർത്തുന്നതിൽ അലംഭാവം വരുത്തരുതു. ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കണം. ചെറുപ്പംമുതൽ ആത്മീയ ശിക്ഷണവും ബാലശിക്ഷകളും നൽകുന്നതിൽ വിമുഖത കാണിക്കരുതു. ദൈവവചനം അവരുടെ ഹൃദയത്തിൽ പതിപ്പിക്കണം. ദൈവത്തെക്കാൾ ഉപരി മക്കളെ സ്നേഹിക്കരുതു. ഞെരുക്കം, ബുദ്ധിമുട്ടു ഇവ അറിഞ്ഞു വളരാൻ അനുവദിക്കണം. ആവശ്യമുള്ളതു പ്രാർത്ഥിച്ചു പ്രാപിപ്പാൻ ശീലിപ്പിക്കണം. അവർ വഴി വിട്ടു പോകുന്നുണ്ടോ എന്നുള്ള ശ്രദ്ധ എപ്പോഴും ഉണ്ടാകണം. മക്കളുടെ മുമ്പിൽ സകല ഉപദേശങ്ങൾക്കും മാതൃകയാകേണം. അന്യരുടെ തെറ്റുകൾ പരസ്യമാക്കി അവരെ പരിഹസിക്കാൻ ശ്രമിക്കരുതു. നാളെ നമ്മുടെ മക്കൾക്കു എന്തു ഭവിക്കും എന്നു അറിയില്ലല്ലോ.
3. ദൈവദാസന്മാർ അറിയാൻ: പലപ്പോഴും വിവാഹശുശ്രൂഷ നടത്തിക്കൊടുക്കാൻ ക്ഷണിക്കപ്പെടുന്ന ദൈവദാസന്മാർ വധുവരന്മാരെ നന്നായി അറിയുന്നവരായിരിക്കണം. അല്ലെങ്കിൽ സഭാശുശ്രൂഷകനിൽ നിന്ന് അവരെക്കുറിച്ച്‌ അന്വേഷിച്ചറിയണം. ഒരു ശുശ്രൂഷ ലഭിക്കും അതിനാലുള്ള ബന്ധവും പണവും ലഭിക്കും എന്ന ലക്ഷ്യത്തോടെ എല്ലായിടത്തും ചാടിപ്പുറപ്പെടരുത്. വധുവരന്മാരെ നന്നായി അറിയുന്ന സഭാശുശ്രൂഷകന്മാരോ സെന്റർ പാസ്റ്റർമ്മാരോ ആയിരുന്നാൽ ഏറെ നല്ലതു. ദൈവവചന വിരുദ്ധമായി കാണപ്പെടുന്ന ഏതു കാര്യവും ഗൗരവമായി പരസ്യമായി പ്രസ്താവിക്കപ്പെടണം. വേഷവിധാനങ്ങളിൽ ഒരു പൊതു നിലവാരം പെന്തക്കൊസ്തു സമൂഹം കണ്ടെത്തി പ്രസിദ്ധപ്പെടുത്തണം. അതിൽ അൽപവും അയവു ആരും വരുത്തരുതു. പെന്തക്കൊസ്തു വിവാഹ ശുശ്രൂഷയുടെ മാന്യതയും പാവനതയും നഷ്ടപ്പെടാൻ അനുവദിക്കരുതു. മാന്യമാകേണ്ട വിവാഹം അപമാനമാകരുതു. ദൈവദാസന്മാരെ മാതാപിതാക്കളോ മക്കളോ വിവാഹത്തിലെ അവരുടെ രഹസ്യസ്വഭാവം നിമിത്തം അപമാനിതരാകാനോ അവർ ക്ഷമ ചോദിച്ചു ശാപം വലിച്ചു വയ്ക്കാനോ ഇടവരുത്തരുതു.
ഇക്കഴിഞ്ഞ ദിവസം വൈറലായ വിവാഹത്തിലെ വരന്റെ തലയിലെ കുടുമയും കയ്യിലെ റ്റാറ്റുവും വധുവിന്റെ കയ്യിലെ റ്റാറ്റുവും ഫേസ്ബുക്കിലെ ആഭരണധാരണ ഫോട്ടോകളും സിനിമാസ്റ്റെയിലും പെന്തക്കൊസ്തു യൗവനക്കാരിൽ സാധാരണയല്ല, മാതൃകയല്ല, അനുകരണിയമല്ല എന്നതു എല്ലാവരും തിരിച്ചറിയേണ്ടതാണു. മാന്യമായ ഒരു വിവാഹം നടത്തി സ്വസ്ഥമാകേണ്ട മാതാപിതാക്കൾ അസ്വസ്ഥരായി മാറി. ശുശ്രൂഷ്ക്കു കടന്നു വന്ന ദൈവദാസന്മാർ ദ്രവ്യാഗ്രഹികൾ എന്ന ദുഷ്പേരിനു അർഹരായി അപമാനിക്കപ്പെട്ടു. അവർ ക്ഷമ പറഞ്ഞ്‌ ലജ്ജിതരായി. ഇതിനു കാരണക്കാർ ആരൊക്കെ? മക്കളോ? മാതാപിതാക്കളോ? അതോ ദൈവദാസന്മാരോ? ഇനിയും ഇത്തരം വിവാഹങ്ങൾ പെന്തക്കൊസ്തു സമൂഹത്തിൽ ഉണ്ടാകാതിരിക്കട്ടെ.
You might also like