ഇസ്ലാമിക തീവ്രവാദി കഴുത്തറുത്ത സാമുവൽ പാറ്റിയെ ആദരിക്കാൻ ഫ്രഞ്ച് ഭരണകൂടം: തീവ്ര നിലപാടുള്ള മോസ്‌ക്ക് അടച്ചുപൂട്ടി
പാരീസ്: മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദി തലയറുത്ത് കൊലപ്പെടുത്തിയ അധ്യാപകൻ സാമുവൽ പാറ്റിയെ ആദരിക്കാൻ ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയൺ ഡി ഹോണർ നൽകിയാണ് ആദരിക്കുന്നത്. പൊതു ചടങ്ങിൽവെച്ചായിരിക്കും അദ്ദേഹത്തിനുള്ള ബഹുമതി പ്രിയപ്പെട്ടവർക്കു സമ്മാനിക്കുക. ഇതിനായി പാരിസിലെ സൊർബോൺ സർവകലാശാലയിൽ ചടങ്ങ് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ജീൻ മൈക്കൽ ബ്ലാങ്ക്വർ അറിയിച്ചു.
അതേസമയം ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പാരീസ് മോസ്‌ക്ക് അടച്ചതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. തീവ്രവാദ നിലപാടുകൾ പ്രചരിപ്പിക്കാൻ മോസ്‌ക്ക് ഇടപെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മോസ്‌ക്ക് അടച്ചതിന് പുറമെ ഹമാസ് അനുകൂല മുസ്ലിം സംഘടനയ്ക്കും വിലക്ക് ഏർപ്പെടുത്തിയതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സാമുവൽ പാറ്റി എന്ന നാൽപ്പത്തിയേഴുകാരനായ അധ്യാപകനെ ഇസ്ലാമിക തീവ്രവാദി തലയറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മുൻപ് ഭീകരൻ, സാമുവൽ പാറ്റിയുടെ സ്കൂളിലെ വിദ്യാർഥിയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഫ്രാൻസിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ ഒരു ഡസനോളം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു.
കത്തോലിക്ക സഭ അടക്കം വിവിധ ക്രൈസ്തവ സഭകൾ മതഭീകരതയെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ട്. 2016 ജൂലൈ 26നു തീവ്ര ഇസ്ലാമിക നിലപാടുള്ള യുവാക്കൾ ബലിയർപ്പിച്ചുകൊണ്ടിരുന്ന വയോധികനായ കത്തോലിക്ക വൈദികൻ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. സാമുവൽ പാറ്റിയുടെ മരണത്തോടെ ഫാ. ജാക്വസിനെ കുറിച്ചുള്ള ഓർമ്മകളും സജീവമാകുകയാണ്.