ശിശ്രൂഷകമാർക്ക് ജനത്തിന്റെ മേൽ “ഊതാൻ” അധികാരമുണ്ടോ?

0

ആത്മീയ വൃത്തങ്ങളിലെ തിരുവചനത്തിന് പുറത്തുള്ള നൂതനാവിഷ്കാരങ്ങൾ നമ്മെ വളരെ വേദനിപ്പിക്കുന്നതാണ്. വേദപുസ്തക കാലങ്ങളിൽ അപ്പോസ്‌തോലിക നേതാക്കൾക്ക് അജ്ഞാതമായ കാര്യങ്ങൾ ഒരു മടിയും കൂടാതെ പഠിപ്പിക്കുകയും, ആചരിക്കയും ചെയ്യപ്പെടുന്ന ഒരു കാലം!. ഇന്നത്തെ ഈ പ്രവണതയുടെ അപകടങ്ങളെക്കുറിച്ച് തിരിച്ചറിയാത്ത സഭയിലുള്ളവരെ ഓർത്ത് ഞാൻ വേദനിക്കുന്നു.

പ്രത്യക്ഷത്തിൽ കഠിനമായ ചോദ്യങ്ങൾ നേരിട്ടപ്പോൾ ക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും സാധാരണ പ്രതികരണം “തിരുവെഴുത്ത് എന്തു പറയുന്നു?” എന്ന അടിസ്ഥാനത്തിലായിരുന്നു (ലൂക്കാ 10:25,26; റോമർ 4:1-3; ഗലാ 4:30). തിരുവചനമായിരുന്നു അവരുടെ സംപൂർണ്ണ പ്രമാണം, അതിനപ്പുറം പോകുവാൻ അവർ ധൈര്യപ്പെട്ടിരുന്നില്ല.

മനുഷ്യന്റെ മേൽ ഊതിയതിനെക്കുറിച്ച് ബൈബിളിൽ രണ്ട് പരാമർശങ്ങൾ മാത്രമേയുള്ളൂ, ഈ രണ്ട് സന്ദർഭങ്ങളിലും അത് ചെയ്തത് “ദൈവം” ആയിരുന്നു. ഉല്പത്തി 2:7, “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” യോഹന്നാൻ 20:22, “അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.” ദൈവമാണ് ജീവന്റെ രചയിതാവ്, അതിനാൽ അവൻ മനുഷ്യനിൽ ഊതി (യോഹ. 1:4). മരണശേഷം മനുഷ്യന്റെ ആത്മാവ് ദൈവത്തിലേക്ക് മടങ്ങുന്നു (സഭാ 12:7). യേശു പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവനാണ്, അതിനാൽ അവൻ ശിഷ്യന്മാരിൽ സ്വഭാവികമായി ഊതി (യോഹ. 1:33; പ്രവൃത്തികൾ 2:33). അതുകൊണ്ട് മനുഷ്യരുടെ മേൽ ഊതുന്ന ഈ പ്രവൃത്തി “ദൈവത്തിന്റെ” പ്രത്യേകാവകാശമാണ്. ഏതെങ്കിലും മനുഷ്യൻ ഇത് ചെയ്യാൻ ബൈബിളിൽ എവിടെയും നേരിട്ടോ അല്ലാതെയോ പഠിപ്പിക്കുന്നില്ല.

യഹെസ്കേൽ 37-ൽ, ഉണങ്ങിയ അസ്ഥികളെ ഒരു വലിയ സൈന്യമായി പുനരുജ്ജീവിപ്പിക്കാൻ നാല് കാറ്റിൽ നിന്ന് വരുന്ന ജീവശ്വാസത്തെക്കുറിച്ച് നാം വായിക്കുന്നു. ഇവിടെയും എല്ലുകളിൽ ഊതാനോ നിശ്വസിക്കാനോ പ്രവാചകനോട് നിർദ്ദേശിച്ചിട്ടില്ല. പകരം, അസ്ഥികളോടും കാറ്റിനോടും “സംസാരിക്കാൻ” കൽപ്പിക്കപ്പെട്ടിരിക്കുന്നു (വാ. 7,9,10). അതെ, നാം ചെയ്യേണ്ടത് ജനങ്ങളോട് പ്രസംഗിക്കുകയും അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കാൻ കർത്താവിനോട് പ്രാർത്ഥിക്കുകയും എന്നതാണ്. അപ്പോസ്തലന്മാരും അതുതന്നെ ചെയ്തു (പ്രവൃത്തികൾ 8:14-17; 9:17,18; 10:44; 19:1-6). അപ്പോസ്തലന്മാർ ഒരിക്കലെങ്കിലും ആളുകളുടെ മേൽ ഊതിയിരുന്നെങ്കിൽ, ‘കൈകൾ വയ്ക്കുന്നതിനെക്കുറിച്ച്’ ആവർത്തിച്ച് പരാമർശിക്കുന്ന ലൂക്കോസ് തീർച്ചയായും അപ്പോസ്തലന്മാർ ജനങ്ങളുടെമേൽ ഊതിയതായി രേഖപ്പെടുത്തുമായിരുന്നു!

ചിലർ ചോദിക്കുന്നു, “അപ്പോൾ പ്രസംഗകർ ആളുകളുടെമേൽ ഊതുമ്പോൾ ഉണ്ടാകുന്ന അസാധാരണമായ സംഭവങ്ങൾ നിങ്ങൾ എങ്ങനെ വിശദീകരിക്കും?” ഇതിന് ഞാൻ നൽകുന്ന ഉത്തരം, “അന്ത്യഫലം മാർഗങ്ങളെ ന്യായീകരിക്കുന്നില്ല.” ക്രിസ്തീയ ജീവിതത്തിലും ശുശ്രൂഷയിലും, “എന്ത്” എന്നതിനേക്കാൾ “എങ്ങനെ” എന്നതാണ് പ്രധാനമാണ് (1 കൊരി. 3:9-14; 2 തിമൊ. 2:5).

ഞാൻ ഒരു വലിയ തിരുവചന അധ്യാപകനല്ല, എന്നാൽ ഏകദേശം 38 വർഷമായി ബൈബിൾ പഠിക്കുന്ന ഒരു എളിയ വിദ്യാർത്ഥി എന്ന നിലയിൽ, എന്നെ സംബന്ധിച്ചിടത്തോളം ആളുകൾക്ക് മേൽ അല്ലെങ്കിൽ ‘മൈക്രോഫോണിലേക്ക്’ പോലും ഊതുന്ന രീതി സ്വീകാര്യമല്ല. മൈക്ക് ടെസ്റ്റിംഗിന് പോലും, അതിൽ ഊതുന്നത് സാങ്കേതികമായി ശരിയല്ല! 😄

✍🏼വെസ്ലി ജോസഫ്

You might also like