പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയെ ആക്രമിച്ച് ആള്‍ക്കൂട്ടം, വീട് തീയിട്ടു നശിപ്പിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം ക്രിസ്തുമത വിശ്വാസിയെ ആക്രമിക്കുകയും വീടും ഫാക്ടറിയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. പാകിസ്ഥാനിലെ സര്‍ഗോധയിലെ മുജാഹിദ് കോളനി പരിസരത്താണ് സംഭവം. മതനിന്ദ ആരോപിച്ച് രോഷാകുലരായ നാട്ടുകാര്‍ ക്രൈസ്തവ വിശ്വാസിയുടെ വീട്ടില്‍ കയറുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ച ശേഷം തീയിടുകയുമായിരുന്നു. വീടിനോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഷൂ ഫാക്ടറി കത്തിക്കുകയും ചെയ്തു.
ആള്‍ക്കൂട്ടം വീടും ചെരുപ്പ് ഫാക്ടറിയും കത്തിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ദൃശ്യമാണ്. മറ്റൊരു വീഡിയോയില്‍ രക്തം പുരണ്ട് തെരുവില്‍ കിടക്കുന്ന മനുഷ്യനെ മതനിന്ദ ആരോപിച്ച് ചവിട്ടുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കാണാം.
സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ടെന്നും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സര്‍ഗോധ ജില്ലാ പോലീസ് ഓഫീസര്‍ അസദ് ഇജാസ് മല്‍ഹി പാകിസ്ഥാനിലെ ഡോണ്‍ ന്യൂസിനോട് പറഞ്ഞു. പ്രദേശത്തു നിന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് ജില്ലാ പോലീസ് ഓഫീസര്‍ മാലി പറഞ്ഞു. പരിക്കേറ്റ അഞ്ച് ക്രിസ്ത്യാനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങളെ പോലീസ് എത്തിയാണ് അക്രമകാരികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ 25 പേരെ പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ആരോപണവിധേയനല്ല മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ക്രിസ്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നഗരത്തിലുടനീളം കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജനക്കൂട്ടത്തിന്റെ കല്ലേറില്‍ 10 ലധികം പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു.
‘പാകിസ്ഥാന്‍ നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്, മതത്തിന്റെ മറവില്‍ ഒരു അനീതിയും വെച്ചുപൊറുപ്പിക്കില്ല. അന്വേഷണത്തിന് ശേഷം നിയമപ്രകാരം നടപടിയെടുക്കും’ – പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര സെക്രട്ടറി നൂര്‍-ഉല്‍-അമീന്‍ മെംഗല്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ പാകിസ്ഥാന്റെ മനുഷ്യാവകാശ കമ്മിഷനും ആശങ്ക പ്രകടിപ്പിച്ചു.
മുസ്ലീം-ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനില്‍ മതനിന്ദയുടെ പേരില്‍ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും അരങ്ങേറിയിട്ടുണ്ട്. അവിടെ ഒരു കുറ്റാരോപണം കൊലപാതകത്തിലേക്ക് നയിച്ചേക്കാം. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരാണ് ഏറെയും ഇത്തരം അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നത്. വ്യക്തിപരമായ വൈരാഗ്യം തീര്‍പ്പാക്കാന്‍ കഠിനമായ മതനിന്ദ നിയമങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
മതനിന്ദ ആരോപിച്ച് നിരവധി പേരെ പ്രകോപിതരായ ജനക്കൂട്ടം ആക്രമിച്ചിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ ആരെയും ഭരണകൂടം ശിക്ഷിച്ചിട്ടില്ല.