തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ. പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വർദ്ധിപ്പിച്ചതും,ജെബി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചതും സർക്കാരിന്റെ തെരഞ്ഞെടുപ്പ് നീക്കങ്ങളിൽ പ്രധാനപ്പെട്ടതാണ്.യുവാക്കളെയും മധ്യവയസ്കരേയും ഒരുപോലെ സ്വാധീനിക്കുന്നതാണ് പിഎസ് സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്താനുള്ള തീരുമാനം. പ്രതിപക്ഷ യുവജന സംഘടനകളും വലിയ എതിർപ്പ് ഇക്കാര്യത്തിൽ രേഖപ്പെടുത്തുന്നില്ല.ജെ ബി കമ്മീഷൻ റിപ്പോർട്ട് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കിടയിൽ ചലനം ഉണ്ടാക്കും എന്നാണ് ഇടതുമുന്നണിയും സർക്കാരും കണക്കുകൂട്ടുന്നത്
പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉദ്യോഗാർത്ഥികൾ വർഷങ്ങൾക്കു മുമ്പേ മുന്നോട്ടു വച്ചതാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ട് പെട്ടിയിൽ വീഴുന്ന തന്ത്രമാണ് സംസ്ഥാന സർക്കാർ പയറ്റിയിരിക്കുന്നത്.അപേക്ഷിക്കാനുള്ള പ്രായപരിധി 36 നിന്ന് 40 ആക്കിയതും,മറ്റു വിഭാഗക്കാർക്ക് തത്തുല്യമായ വർദ്ധനവ് ലഭ്യമാകുകയും ചെയ്യുന്നതോടെ ലക്ഷക്കണക്കിന് പേർക്കാണ് വീണ്ടും പിഎസ്‌സി പ്രതീക്ഷകൾ മൊട്ടിട്ടിരിക്കുന്നത്.യുവാക്കളെയും മധ്യവയസ്ക്കരയും ഒരുപോലെ സ്വാധീനിക്കുന്ന തീരുമാനമായതുകൊണ്ട് അതുവഴി വോട്ട് വരും എന്ന് പ്രതീക്ഷ സംസ്ഥാന സർക്കാരിനുണ്ട്.മുഖ്യമന്ത്രി മന്ത്രിമാർക്ക് മുന്നിൽ മണിക്കൂറുകൾ എടുത്ത് അവതരിപ്പിച്ച 50 ദിവസം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ ഇതും ഉൾപ്പെടുന്നു എന്നാണ് വിവരം
