നാസ്തിക സമ്മേളനവും നിരീശ്വരവാദവും

0

എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാസ്തിക സമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു എന്നാണ് സംഘാടകർ പറയുന്നത്. എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലോക നാസ്തിക സമ്മേളനത്തിലാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും പതിനായിരം പേര് പങ്കെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ എന്നതായിരുന്നു പ്രചാരണ പരിപാടി. സംഘാടകർ പ്രചരിപ്പിച്ചത് പോലെ വലിയ ജനപങ്കാളിത്തം ഉണ്ടായോ എന്ന് സംശയമാണ്.

ദൈവം എന്നത് ഹാരിപോട്ടറെ പോലെ ഒരു ഭാവനാ സൃഷ്ടിയാണെന്നും മതം മനുഷ്യൻ്റെ ബോധത്തെ നശിപ്പിച്ച് അക്രമകാരികളാക്കുന്നുവെന്നും മതപഠനം അല്ല ഗവേഷണ പഠനങ്ങളാണ് മാനവ പുരോഗതിക്ക് വഴികാട്ടിയതെന്നുമുള്ള സ്ഥിരം പല്ലവികൾ അല്ലാതെ പുതിയ വാദങ്ങൾ ഒന്നും അവിടെ മുഴങ്ങി കേട്ടില്ല.

തെറ്റിദ്ധരിപ്പിക്കുന്ന പൊട്ടത്തര തന്ത്രങ്ങൾ..?

മതം ശാസ്ത്രത്തിന് എതിരാണന്നുള്ള തെറ്റിദ്ധാരണ മാറ്റാൻ ഇന്നും യുക്തിവാദികൾക്ക് കഴിഞ്ഞിട്ടില്ല. വിശ്വാസവും മത ബോധനവും ശാസ്ത്രത്തിന് എതിരല്ല.

ദൈവാസ്ഥിത്വത്തിൻ്റെ ബൗദ്ധീക തെളിവുകൾ ദാർശനീകർ മുന്നോട്ട് വച്ചിട്ടുണ്ട്. അതിൽ ഒന്നാണ് കോസ്മോളജിക്കൽ ആർഗുമെൻ്റ്( പ്രപഞ്ച സൃഷ്ടിപ്പിൻ വാദം). പ്രപഞ്ചം നിലനിൽക്കുന്നു എന്ന അടിസ്ഥാന പ്രമേയത്തിൽ നിന്നാണ് ഈ വാദത്തിൻ്റെ ഗതി. പ്രപഞ്ചത്തിലുള്ള എല്ലാ കാര്യങ്ങൾക്കും പര്യാപ്തമായ കാരണമുണ്ട്. കാരണം കൂടാതെ കാര്യം ഉണ്ടാകുന്നില്ല. അതിനാൽ പ്രപഞ്ചത്തിനും ഒരു ആദി കാരണം ഉണ്ടായിരിക്കണം.” ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിൻ്റെ വചനത്താൽ….(ഉൽപ: 1:1, ഏബ്രാ:11:3). പ്രപഞ്ച വാദം , കാര്യത്തിന് കാരണം ഉണ്ടായിരിക്കണം, കാര്യം അതിൻ്റെ അസ്തിത്വത്തിന് കാരണത്തെ ആശ്രയിച്ചിരിക്കും, പ്രകൃതിക്ക് സ്വയം ഉണ്ടാകുവാൻ സാധ്യമല്ല എന്നീ സത്യങ്ങളിൽ അധിഷ്ഠിതമാണ്.

സ്വയസ്ഥിതനും നീതി കാരണവുമായ ഒരു സത്തയുടെ സൃഷ്ടിയാണ് പ്രപഞ്ചം. ദൃശ്യമായ കാരണങ്ങളിൽ നിന്ന് കാര്യം കണ്ടു പിടിക്കുന്ന മാതൃക, കാര്യത്തിൽ നിന്ന് കാരണം കണ്ടു പിടിക്കുക എന്നതാണ്. ” സകലത്തിനും ലാക്കും കാരണഭൂതനുമായവൻ “.” സർവ്വവും ചമച്ചവൻ ദൈവം”( എബ്രാ:2:10,3:4).

രൂപരേഖാ വാദത്തിൽ ഡിസൈനർ ഉണ്ട്.( സങ്കി: 19:1,8:3, 104:1 ff, റോമ: 1:20).

ശൂന്യതയിൽ നിന്നും ഒരു തീപ്പെട്ടി കമ്പ് ഉണ്ടാക്കമോ യുക്തി പണ്ഡിതാ..?

ശൂന്യതയിൽ നിന്നും ഒരു മൊട്ടുസൂചി ഉണ്ടാക്കാൻ പറ്റാത്തവർ എന്തിനാണ് ഈ വെല്ലുവിളി. മൊട്ടത്തോടിനുള്ളിലെ കൊഴുത്ത ദ്രാവകം 21 ദിവസം കൊണ്ട് മജ്ജയും മാംസവും രക്തവും ത്വക്കും ഹൃദയവും തലച്ചോറും വച്ച് കോഴിക്കുഞ്ഞ് ആകുന്നത് എങ്ങനെയാണ്..? ഒന്നും സ്വയം ഉണ്ടാകുന്നില്ല.

യുക്തിവാദികളായ മാസ്സ് കൊലയാളികൾ…?

മതപഠനം മനുഷ്യരെ അക്രമകാരികളാക്കുന്നു എന്ന വാദം ഉയർത്തുന്നവർ ഒരു കാര്യം ഓർക്കണം, ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കൂട്ട കൊലപാതകം നടത്തിയത് മതവിശ്വാസികൾ അല്ല. മതത്തിൻ്റെ പേരിൽ അല്ല ഒന്നും രണ്ടും മഹായുദ്ധങ്ങൾ നടന്നത്. മറിച്ച് ദേശീയതയുടെ പേരിൽ ആണ്. ഹിറ്റ്ലറും മുസോളിനിയും കൊന്നൊടുക്കിയത് മത വിശ്വാസത്തിൻ്റെ പേരിൽ അല്ല എന്നോർക്കണം. സോവിയറ്റ് റഷ്യയിൽ സ്റ്റാലിനും പിന്നെ മാവോയും പോൾപോട്ടും ലക്ഷങ്ങളെ കൊന്നു തള്ളിയത് മതത്തിൻ്റെ പേരിൽ അല്ല, ഭൗതീകവാദത്തിൻ്റെ പേരിലാണ് എന്നോർക്കണം. അപ്പോൾ പ്രധാന പ്രശ്നം “ദൈവം ” അല്ല.

സ്വതന്ത്ര ചിന്തയും ശാസ്ത്ര ബോധവും നൽകിയത് ബൈബിൾ…?

പിന്നെ മത ബോധനം അല്ല, ഗവേഷണങ്ങൾ ആണ് സാമൂഹിക പുരോഗതിയിലേക്ക് ലോകത്തെ നയിച്ചത് എന്ന വാദം പൂർണ്ണമല്ല. കാരണം, ആധുനീക ശാസ്ത്രത്തിൻ്റെ ശില്പികളും പ്രചാരകരും ബഹുഭൂരിപക്ഷവും ദൈവവിശ്വാസികൾ ആയിരുന്നു. മിക്ക പേരും ക്രൈസ്തവരും യഹൂദരും ആണ്.

ഐസക് ന്യൂട്ടൺ, ജയിംസ് ഇർവിൻ, റോബർട്ട് ബോയിൽസ്, ജയിംസ് സിംപ്സൻ, ഗലീലിയോ, മൈക്കിൽ ഫാരഡെ, ജോഹാനസ് കേപ്ളർ, നിക്കോളാസ് കോപ്പർ നിക്കസ്, റോബർട്ട് ബോയിൻ, ആൻ്റൺ വാൻ ലൂവർ ഹോക്ക്, പോൾ ഏർലിക്ക്, അലക്സാണ്ടർ ഫ്ലെമിംഗ്, താരാ ചന്ദ്, ജോൺ മാർഷൽ, എഡ്വേർഡ് ജന്നർ, ഡോ ജോൺ ക്ലിൻ്റ് ഇങ്ങനെ എത്രയോ ശാസ്ത്രജ്ഞർ ദൈവവിശ്വാസികൾ ആണ്.

രസതന്ത്രം,ഭൗതീക ശാസ്ത്രം, വൈദ്യ ശാസ്ത്രം എന്നീ വിഭാഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയതിന് നൊബേൽ പുരസ്കാരം നേടിയ വനിതകളും കൂടുതലും മത വിശ്വാസികൾ ആണ്. ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച സഞ്ചാരികളും ചന്ദ്രനിൽ ഇറങ്ങിയവരും വിശ്വാസികളാണ്.

ശാസ്ത്രത്തിൻ്റെ ധാർമിക ഭ്രംശം..?

ശാസ്ത്രത്തെ വാനോളം പുകഴ്ത്തി പറയുന്ന രവിചന്ദ്രൻ ഫാൻസ് ഒരു കാര്യം കൂടി ഓർക്കണം. ആണവ നിലയങ്ങളും വ്യവസായശാലകളും ലോകത്ത് ഉണ്ടാക്കിയ മാഹാ ദുരന്തങ്ങൾ( morality without Science). ആണവ റിയാക്ടറുകൾ ഉയർത്തുന്ന ഭീഷണികൾ അതിഭീകരമാണ്.

മതം കൊണ്ടുവന്ന നവോത്ഥാനം..?

പ്രാകൃത ആചാരങ്ങളിലും ദുഷിച്ച വ്യവസ്ഥകളിലും പൊറുതി മുട്ടിയ ലോകജനതയെ സാമൂഹിക മാറ്റത്തിലേക്കും മാനവികതയിലേക്കും നയിച്ചത് ബൈബിൾ പ്രചാരകരാണ്. ലോകത്ത് മാനവിക, അടിസ്ഥാന സുസ്ഥിര വികസനവും വിദ്യാഭ്യാസ – ആരോഗ്യ മേഖലയിലെ ക്ഷേമ പദ്ധതികളും നടപ്പിലാക്കിയത് ബൈബിൾ പ്രചാരകരായ മിഷനറിമാരും സഞ്ചാരികളും ഉദ്യോഗസ്ഥരും ആണ്.

ആതുര സേവനത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടന റെഡ്ക്രോസ് ആണ്. അതിനു രൂപം നൽകിയ ഹെൻ്റി ഡ്യുനൻ്റ് ആരാണ്?. അദ്ദേഹം കാൽവിനിസ്റ്റായ ക്രിസ്ത്യാനിയാണ്. ആധുനീക നെടിങ് നേഴ്സിംഗ് സ്ഥാപനത്തിൻ്റെ സ്ഥാപക ഫ്ലോറൻസ് നൈറ്റിങ് ഗെയ്ൽ ആരാണ്?. അവർ ക്രിസ്ത്യാനിയാണ്.

നിരീശ്വരവാദികൾ പഠിച്ചത് മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ..?

ഇന്ത്യയിലും കേരളത്തിലും സ്കൂളുകളും കോളെജുകളും ആശുപത്രികളും സ്ഥാപിച്ചത് ആരാണ്? പ്രൊട്ടസ്റ്റൻ്റ് മിഷനറിമാർ ആണ്. ഡോ. എഡ്വേഡ് ജോൺ വാറിങ് തിരുവിതാംകൂർ കൊട്ടാരത്തിലെ ഫിസിഷ്യൻ ആയിരുന്നു.

വില്യം കേറി, തോമസ് നോർട്ടൻ, ജോൺ കെയിലി,ഹെൻട്രി ബേക്കർ, ബെഞ്ചമിൻ ബെയിലി, ഹെർമൻ ഗുണ്ടർട്ട് തുടങ്ങി ഗ്രഹാം സ്റ്റയിൻസ്, മദർ തെരേസ വരെ നടത്തിയ സാമൂഹിക ഇടപെടലും സേവനങ്ങളും കാണാത്തവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

മെഡിക്കൽ മിഷനറിമാരുടെ പ്രവർത്തനങ്ങൾ വിവരിക്കാൻ സ്ഥലം പോരാ.

യുക്തിമാൻ സാറെ നന്ദി വേണം… നന്ദി..?

മിഷനറി സായ്പിൻ്റെ നിഘണ്ടുവും വ്യാകരണവും ഇംഗ്ലീഷും വസ്ത്രവും കാപ്പിയും ചായയും പൈനാപ്പിളും അണ്ടിപരിപ്പും കപ്പയും അച്ചപ്പവും മുറുക്കും പോർട്ടീസുകാരൻ്റെ പുട്ടും എല്ലാം വാരി വലിച്ച് അനുഭവിച്ചിട്ട് ബൈബിളിനെ കുറ്റം പറയുന്നതിനും വേണം ഒരിത്.. കേട്ടോ.

വികസിത രാജ്യങ്ങളെ നോക്കൂ…

മതം(സഭ )സയൻസിനെ ലോക നന്മക്കായി ഉപയോഗിക്കുകയായിരുന്നു. ബൈബിൾ ശാസ്ത്രത്തിന് എതിരല്ല. മത വിശ്വാസികൾ, ക്രൈസ്തവർ ശാസ്ത്രത്തിൻ്റെ ശിൽപികളും പ്രചാരകരുമാണ്.

ഇന്ന് ലിബറൽ ജനാധിപത്യം, സെക്കുലറിസം, അവസര സമത്വം, പൗര സ്വാതന്ത്ര്യം ഇവ നിലനിൽക്കുന്നത്, വികസനം നടക്കുന്നത്, സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനും മറ്റും സ്വാതന്ത്ര്യം ഉള്ളത് പ്രൊട്ടസ്റ്റൻ്റ് രാജ്യങ്ങളിൽ ആണ്.

മിസ്റ്റർ യുക്തിവാദി സമൂഹത്തിന് വേണ്ടി നിങ്ങൾ എന്തു ചെയ്തു?

പിന്നെ ഒരു ചോദ്യം എസ്സൻസ് ഗ്ലോബലിൻ്റെ സംഘാടകരോട് ചോദിക്കട്ടെ, ഇന്ത്യയിൽ, കേരളത്തിൽ നിരീശ്വര വാദികൾ നടത്തുന്ന രണ്ട് ആശുപത്രികളുടെയും കോളേജുകളുടെയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെയും പേര് പറഞ്ഞാൽ നന്നായിരിക്കും.

പിന്നെ ഒരു കാര്യം കൂടി, മൂന്നേമുക്കാൽ കോടി ജനങ്ങൾ ഉള്ള കേരളത്തിൽ പതിനായിരത്തിൽ താഴെ ആളുകളെ കൂട്ടി ലോക സമ്മേളനം നടത്തിയിട്ട് വീമ്പടിക്കുന്നത് അൽപം കൂടിപോയി സാറെ.

ജെപി

You might also like