എട്ട് മാസമായി സൈനികനായ മകന്റെ ശരീരത്തിനുവേണ്ടി മണ്ണില്‍ കുഴിച്ച് നോക്കുന്ന പിതാവ്, കാശ്മീരിലെ സൈനിക കുടുംബത്തിലെ കണ്ണീരണിഞ്ഞ ജീവിതകഥ
ശ്രീനഗര്‍ : എട്ടുമാസമായി മന്‍സൂര്‍ അഹമ്മദ് വാഗെ എന്നയാള്‍ വീട്ടില്‍ നിന്നും പോകുന്നത് ഭൂമിയില്‍ കുഴികുത്തുന്നതിന് വേണ്ടിയാണ്, ഏറെ താമസിയാതെ നിരാശനായി അദ്ദേഹം തിരികെ വീട്ടില്‍ എത്തുകയും ചെയ്യും. പിറ്റേ ദിവസവും ഇത് തന്നെ ആവര്‍ത്തിക്കും. മന്‍സൂര്‍ കുഴികുത്തുന്നത് സ്വന്തം മകന്‍ ഷാക്കീര്‍ മന്‍സൂറിന് വേണ്ടിയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ മകനെ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതാണ്. എന്നാല്‍ പിന്നീട് മകനെ കുറിച്ചുള്ള ഒരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികനായ ഷാക്കീര്‍ മന്‍സൂറിനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് രണ്ടിനാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. പെരുന്നാള്‍ ദിവസം അവധി ലഭിച്ച് വീട്ടിലെത്തിയ മകനെ ഒരു മണിക്കൂറിന് ശേഷം കാണാതാവുകയായിരുന്നു.
താന്‍ കൂട്ടുകാര്‍ക്കൊപ്പം പോവുകയാണെന്നും സൈന്യത്തില്‍ അറിയിക്കരുതെന്ന സന്ദേശമാണ് ഷാക്കീര്‍ മന്‍സൂറില്‍ നിന്നും അവസാനമായി ലഭിച്ചത്. എന്നാല്‍ ഇത് തീവ്രവാദികള്‍ തന്നെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് കരുതുന്നത്. സൈനികനെ കാണാതായി ഒരു ദിവസത്തിന് ശേഷം മന്‍സൂറിന്റെ വാഹനം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരാഴ്ചയ്ക്ക് ശേഷം കാണാതായ സമയം ഷാക്കീര്‍ മന്‍സൂര്‍ ധരിച്ചിരുന്ന വസ്ത്രം രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ വീടിന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. ഷാക്കീര്‍ മന്‍സൂറിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ ഒഴിഞ്ഞ ഇടങ്ങളിലാണ് കഴിഞ്ഞ എട്ടുമാസമായി പിതാവ് തിരച്ചില്‍ നടത്തുന്നത്. ഷക്കീറിന്റെ മൃതദേഹം വീണ്ടെടുത്ത് ആചാരപ്രകാരം ചടങ്ങുകള്‍ നടത്തണമെന്നാണ് പിതാവിന്റെ ആഗ്രഹം.
സൈനികനെ കാണാതായി ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഒരു തീവ്രവാദ ഗ്രൂപ്പിന്റെ സന്ദേശം സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന തീവ്രവാദികളുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറരുതെന്ന അധികാരികളുടെ നയത്തിന് പ്രതികാരമായി സൈനികന്റെ കുടുംബം മൃതദേഹം നിഷേധിക്കുന്നതായിട്ടായിരുന്നു സന്ദേശം. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇപ്പോഴും ഷക്കീര്‍ കാണാനില്ല എന്ന വിഭാഗത്തിലാണുള്ളത്. സൈനികനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ പൊലീസ് ഇപ്പോഴും ശ്രമിക്കുന്നതായി ജമ്മു പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് ദേശീയ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തുന്നു.