Explained | കോവിഡ് മുക്തരായ ആളുകളിൽ ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്?
ദില്ലി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനം കുറയുന്നതിൽ ആശ്വസിക്കാമെങ്കിലും കോവിഡ് മുക്തരായ ശേഷവും നിരവധി ആളുകൾക്ക് തുടർന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഡോക്ടർമാർ ഇതിനെ ‘ലോംങ് കോവിഡ്’ എന്നാണ് വിളിക്കുന്നത്. കോവിഡിന് ശേഷമുണ്ടാകുന്ന ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റൽ ഡയറക്ടറും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. രാജ്പാൽ സിംഗുമായി ന്യൂസ് 18 നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇതാ..
കോവിഡിന് ശേഷമുള്ള ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും കോവിഡ് മുക്തരായ ശേഷം ആളുകൾക്കുണ്ടാകുന്ന ഹൃദയ സംബന്ധമായ സങ്കീർണതകളെക്കുറിച്ചുമാണ് ഡോക്ടർ സംസാരിക്കുന്നത്.
“കോവിഡ് രോഗം ഹൃദയത്തെ ബാധിക്കുന്നുണ്ട്. വൈറസിന്റെ തീവ്രമായ ആക്രമണ സമയത്താണ് രോഗികളുടെ ഹൃദയത്തെ രോഗം ബാധിക്കുന്നത്. തുടർന്ന് കോവിഡിൽ നിന്ന് മുക്തരായാലും ഇത് ഹൃദയത്തിൽ ദീർഘവും സ്ഥിരവുമായ സ്വാധീനം ചെലുത്തുമെന്നതിനും തെളിവുകളുണ്ട്. ഇത് സാധാരണയായി ഹൃദയസ്തംഭനം പെട്ടെന്നുള്ള ഹൃദയാഘാതം എന്നിവയുടെ രൂപത്തിൽ പ്രകടമാകുകയും ചെയ്യും. രക്തക്കുഴലുകളിൽ രക്തം കട്ട പിടിയ്ക്കുന്ന അവസ്ഥയ്ക്കും കാരണമാകാറുണ്ടെന്ന്.“ ഡോ. സിംഗ് വ്യക്തമാക്കി.