ഇറാനിയൻ കപ്പലിന് നേരെ യു.എസ്- ഇസ്രായേൽ ആക്രമണം; 87 മൃതദേഹങ്ങൾ കണ്ടെത്തി

0

കൊളംബോ: ഇറാനിൽ യു.എസ്- ഇസ്രായേൽ സംയുക്ത ആക്രമണം തുടരുന്നതിനിടെ ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 60 പേരെ കാണാതായി. ശ്രീലങ്കൻ തുറമുഖ നഗരമായ ഗാലെയിലെ ആശുപത്രി അധികൃതർ നൽകുന്ന വിവരമനുസരിച്ച് 87 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. 32 പേരെ രക്ഷപ്പെടുത്തി ചികിത്സയിൽ പ്രവേശിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ഏകദേശം 180 പേരിൽ 60 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു. ഇന്ത്യയിൽനിന്ന് സംയുക്ത സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങുകയായിരുന്ന കപ്പലിനു നേരെ അന്തർവാഹിനി ആക്രമണമാണ് നടന്നത്. തകർന്ന കപ്പൽ ഇറാനിയൻ നാവികസേനയുടെ മൗഡ്ജ്-ക്ലാസ് ഫ്രിഗേറ്റായ ഐറിസ് ദേനയാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് സ്ഥിരീകരിച്ചു.

പ്രാദേശിക സമയം പുലർച്ചെ 5.30ഓടെ ഗാലെ നഗരത്തിൽ നിന്നും 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചത്. ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. തങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ സഹായം നൽകുകയാണെന്ന് ശ്രീലങ്കൻ നാവികസേനാ വക്താവ് കമാൻഡർ ബുദ്ധിക സമ്പത്ത് പറഞ്ഞു. ഇന്ത്യയിൽ നടന്ന ‘ഇന്റർനാഷനൽ ഫ്ലീറ്റ് റിവ്യൂ 2026’ ൽ പങ്കെടുത്ത ശേഷമാണ് ഇറാനിയൻ കപ്പൽ മടക്കയാത്ര ആരംഭിച്ചത്.

You might also like