ഭ്രൂണഹത്യ ഭരണഘടന അവകാശമാക്കുവാനുള്ള തീരുമാനത്തിനെതിരെ ഉപവാസ പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി ഫ്രഞ്ച് ബിഷപ്പുമാർ
പാരീസ്: ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുവാന്‍ ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ് തീരുമാനിച്ചതോടെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനവുമായി ഫ്രഞ്ച് ബിഷപ്പുമാർ. ഫ്രാൻസിൽ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം 1975ൽ പാസാക്കിയിട്ടുണ്ട്. എന്നാൽ, ഗർഭഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്നതുഭരണഘടനയിൽ ഇല്ലായിരുന്നു. പാർലമെന്റിന്റെ ഇരുസഭകളും സംയുക്‌തസമ്മേളനം ചേർന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ഭ്രൂണഹത്യ അനുകൂല ബിൽ പാസാക്കിത്. ബില്‍ പാസായതോടെ ലക്ഷകണക്കിന് ജീവനെടുക്കുന്ന മാരക പാപത്തിനെതിരെ പ്രാര്‍ത്ഥനയില്‍ ഒന്നിക്കാന്‍ ഫ്രഞ്ച് ബിഷപ്പുമാർ ആഹ്വാനം ചെയ്യുകയായിരിന്നു.
കത്തോലിക്കർ എന്ന നിലയിൽ, ഗർഭധാരണം മുതൽ സ്വഭാവിക മരണം വരെ ജീവനെ ബഹുമാനിക്കണമെന്നും ജീവന്‍ സമ്മാനമാണെന്നും വിഷമകരമായ സാഹചര്യങ്ങളിൽ പോലും കുഞ്ഞുങ്ങളെ നിലനിർത്താൻ തിരഞ്ഞെടുക്കുന്നവരെ പിന്തുണയ്ക്കുകയും വേണമെന്നും ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസ് പ്രസ്താവിച്ചു. നമ്മുടെ സഹപൗരന്മാർ ജീവന്റെ മഹത്വം തിരിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഫ്രാൻസ് അതിൻ്റെ ഭരണഘടനയിൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുപോലെ പ്രാധാന്യം നല്‍കിയിരിന്നെങ്കില്‍ അത് ബഹുമാനിക്കപ്പെടുമായിരിന്നുവെന്ന്‍ ബിഷപ്പുമാർ പറഞ്ഞു.