കർണാടയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

0

ഹൈദരാബാദ്: കർണാടയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ തീരുമാനവുമായി ആന്ധ്രപ്രദേശ് സർക്കാർ. അടുത്ത 90 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു.

16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം കർണാടക സർക്കാർ നടപ്പാക്കിയതിന് പിന്നാലെയാണ് ആന്ധ്രയിലും ഈ നീക്കം. കുട്ടികളിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ആസക്തിക്ക് കടിഞ്ഞാണിടുക, കുട്ടികൾക്ക് നേരേയുള്ള കുറ്റകൃത്യങ്ങളും ചൂഷണവും തടയുക എന്നിവയാണ് നിരോധനത്തിന്റെ ഉദ്ദേശങ്ങൾ. കുട്ടികളുടെ ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ ആവശ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി കർണാടക മാറി.

കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ആസക്തിയും നിയന്ത്രണങ്ങളില്ലാത്ത ഇന്റർനെറ്റ് ലഭ്യതയും കുട്ടികൾക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ആഗോളതലത്തിൽ ചർച്ചകൾക്ക് വഴി തെളിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ ഡിസംബറിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ആദ്യത്തെ രാജ്യമായി. ബ്രിട്ടൻ, ഡെൻമാർക്ക്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഈ വിഷയം പഠിച്ചുവരുന്നു, കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വിപണികളിലൊന്നായ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇത് സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുകയാണ്.

You might also like