ചന്ദ്രനൊപ്പം ഭൂമിയെ വലം വയ്ക്കാന്‍ ഒരു ‘മിനി മൂണ്‍’ കൂടി; ജനുവരി വരെ ഒപ്പമുണ്ടാകും

0

ഫ്‌ളോറിഡ: ഭൂമിയെ വലം വയ്ക്കാന്‍ ചന്ദ്രന് കൂട്ടായി ഒരു ‘മിനി മൂണ്‍’ കൂടി. 2026 ഏപ്രിലിലാണ് ഇത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ മേഖലയിലേക്ക് പ്രവേശിച്ചത്. ‘2026 QQ8’ എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് ഏകദേശം ആറ് അടി വലിപ്പമുണ്ട്. ഈ വര്‍ഷം ഡിസംബര്‍ വരെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ജനുവരി വരെയോ ഇത് ഭൂമിയെ വലം വയ്ക്കും.

എന്നാല്‍ ഈ കുഞ്ഞന്‍ ഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും ഉയര്‍ത്തുന്നില്ല. ഒരു ഘട്ടം കഴിഞ്ഞാല്‍ ഇത് സൗരയൂഥത്തിലൂടെയുള്ള തന്റെ യാത്ര തുടരും. ഇനി ഒരുപക്ഷേ ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചാല്‍ തന്നെ, ഉപരിതലത്തില്‍ എത്തുന്നതിന് മുന്‍പ് അത് കത്തി നശിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും ഇത് ഏകദേശം 5,68,000 കിലോ മീറ്റര്‍ അകലെയായിരിക്കും. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ ഏകദേശം 1.5 മടങ്ങാണ്. 2026 ഓഗസ്റ്റ് 20 ന് ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റിന്‍ സ്നെസ്‌കി ആണ് കണ്ടെത്തിയത്. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്റെ ‘മൈനര്‍ പ്ലാനറ്റ് സെന്റര്‍'(എംപിസി) ആണ് ഇക്കാര്യം അറിയിച്ചത്.

എന്താണ് ‘മിനി മൂണ്‍’

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്താല്‍ താല്‍ക്കാലികമായി പിടിച്ചെടുക്കപ്പെടുന്ന ചെറിയ ഛിന്നഗ്രഹങ്ങളെയാണ് ‘മിനി മൂണ്‍’ എന്ന് വിളിക്കുന്നത്. ഇവ കുറച്ചു കാലത്തേക്ക് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും.

ഹവായ് സര്‍വകലാശാലയിലെ 2.2 മീറ്റര്‍ ടെലിസ്‌കോപ്പും ലോവല്‍ ഡിസ്‌കവറി ടെലിസ്‌കോപ്പും ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളിലൂടെ, ‘2026 QQ8’ മനുഷ്യനിര്‍മ്മിതമായ ബഹിരാകാശ അവശിഷ്ടമല്ലെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന്, ‘2026 QQ8’ പ്രകൃതിദത്തമായ ഒന്നാണെന്നും ഇതൊരു ചെറിയ ഛിന്നഗ്രഹമാണെന്നും എംപിസി സ്ഥിരീകരിച്ചു.

ഇതൊരു ‘ഏറ്റണ്‍’ വിഭാഗത്തില്‍പ്പെട്ട ഛിന്നഗ്രഹമാണ്. ഭൂമിയോട് അടുത്ത് സ്ഥിതി ചെയ്യുന്നതും, ഇടയ്ക്കിടെ ഭൂമിയുടെ ഭ്രമണപഥം മുറിച്ചു കടക്കുന്നതും, ഭൂമിയേക്കാള്‍ സൂര്യനോട് അടുത്ത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതുമായ ഛിന്നഗ്രഹങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.

2026 ഏപ്രിലില്‍ ഭൂമിയുടെ ‘ഹില്‍ സ്ഫിയര്‍’ മേഖലയ്ക്ക് അടുത്തുകൂടി കടന്നു പോയപ്പോഴാണ് ഇത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ അകപ്പെട്ടത്. സൂര്യന്റെ ഗുരുത്വാകര്‍ഷണത്തേക്കാള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന് സ്വാധീനമുള്ള മേഖലയാണിത്.

ഭൂമിയെ ചുറ്റുന്ന ഇതിന്റെ പാത കൃത്യമായ ഒരു വൃത്തമല്ല, മറിച്ച് ക്രമരഹിതമായ ഒരു ലൂപ്പ് പോലെയാണ്. ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥം മുറിച്ചു കടക്കുന്നത് ഇതാദ്യമായല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഏകദേശം 10 വര്‍ഷത്തിലൊരിക്കല്‍ ഇത് ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നു പോകാറുണ്ട്. മുന്‍പും ഭൂമി ഇത്തരത്തില്‍ ചെറിയ ഛിന്നഗ്രഹങ്ങളെ ആകര്‍ഷിച്ച് പിടിച്ചെടുത്തിട്ടുണ്ട്

You might also like