
ഛത്തീസ്ഗഡിൽ 130 വർഷം പഴക്കമുള്ള പള്ളി പൊളിച്ചുമാറ്റി; പ്രതിഷേധവും ആശങ്കയും ശക്തം
രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ 130 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പള്ളി ഭരണകൂടം പൊളിച്ചുമാറ്റി. ബസന്ത്പൂർ മേഖലയിൽ സർക്കാർ പാട്ടത്തിന് നൽകിയ 23 ഏക്കർ ഭൂമി തിരിച്ചുപിടിക്കുന്നതിനായി നടത്തിയ ഒഴിപ്പിക്കൽ നടപടിക്കിടയിലാണ് കെട്ടിടങ്ങൾ നീക്കം ചെയ്തത്. പള്ളിയോടൊപ്പം വളപ്പിലുണ്ടായിരുന്ന പഴയ ആശുപത്രി വാർഡുകൾ, ഭരണകാര്യാലയങ്ങൾ, താമസസ്ഥലങ്ങൾ എന്നിവയും മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് പൊളിച്ചുനീക്കി.
കുഷ്ഠരോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി 1944-ൽ നാട്ടുരാജ്യ ഭരണകാലത്താണ് ബസന്ത്പൂരിലെ 23 ഏക്കർ സ്ഥലം ഒരു മിഷനറി സംഘടനയ്ക്ക് അനുവദിച്ചത്. 43 വർഷത്തെ പാട്ടം പുതുക്കി നൽകിയതിനെക്കുറിച്ചും രേഖകളിൽ പരാമർശമുണ്ട്. ഭൂമി പാട്ടക്കരാർ റദ്ദാക്കിക്കൊണ്ട് രാജ്നന്ദ്ഗാവ് കളക്ടർ ജിതേന്ദ്ര യാദവ് നവംബർ ആറിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് ഭൂമി തിരിച്ചുപിടിക്കാൻ തഹസിൽദാർക്ക് ഏഴു ദിവസത്തെ നിർദ്ദേശം നൽകിയ ശേഷം സബ്ഡിവിഷണൽ മജിസ്ട്രേറ്റ് പി.എൽ. നാഗ്, പോലീസ്, റെവന്യൂ-മുൻസിപ്പൽ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ബുൾഡോസറുകൾ എത്തിച്ചാണ് പൊളിച്ചുമാറ്റൽ നടത്തിയത്. തിരിച്ചുപിടിച്ച സർക്കാർ ഭൂമി കായിക മൈതാനം ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾക്കായി വികസിപ്പിക്കാനാണ് നഗരസഭ അധികൃതർ ലക്ഷ്യമിടുന്നത്
