
ഓസ്ട്രേലിയയിൽ മലയാളി ഐ.ടി ഉദ്യോഗസ്ഥന് സ്ഥിരം ഡീക്കൻ പദവി; അഭിമാനമായി ജോഷി സ്കറിയ
ബ്രിസ്ബെയ്ൻ : ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ജോഷി സ്കറിയയ്ക്ക് സ്ഥിരം ഡീക്കൻ പദവി ലഭിച്ചു. ബ്രിസ്ബെയ്ൻ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാന മധ്യേ ആർച്ചുബിഷപ് ഷെയ്ൻ മാക്കിൻലേയാണ് പട്ടം നൽകിയത്. ജോഷി സ്കറിയയ്ക്കൊപ്പം ഓസ്ട്രേലിയക്കാരായ ഡാനിയൽ ഇബോട്ട്, പോൾ ബ്ലോം എന്നീ രണ്ട് വിവാഹിതരും സ്ഥിരം ഡീക്കൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
മാർസ്ഡനിലെ സെന്റ് മാക്സിമിലിയൻ കോൾബെ ഇടവകയിൽ മാമ്മോദീസ, വിവാഹം തുടങ്ങിയ കൂദാശാ കർമ്മങ്ങളിലും ദൈവജനത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും കുടുംബങ്ങൾക്കൊപ്പം ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നതായി ഡീക്കൻ ജോഷി സ്കറിയ പറഞ്ഞു. ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ അതിരൂപതയുടെ ഐ.ടി മിഷനിലൂടെ സാങ്കേതികവിദ്യയും ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗിച്ച് സഭയെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാനും സുവിശേഷം പ്രഘോഷിക്കാനും സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.ടി. സർവീസ് മാനേജറായി ജോലി ചെയ്യുന്ന ജോഷിയുടെ ഭാര്യ തെരേസയാണ്. ഇവർക്ക് നാല് മക്കളുണ്ട്.
ഭവനരഹിതർക്കിടയിലുള്ള ശുശ്രൂഷയ്ക്കായി മൂറൂക്ക സാലിസ്ബറി ഇടവകയിലേക്കാണ് ഡീക്കൻ ഡാനിയൽ ഇബോട്ടിനെ നിയോഗിച്ചിരിക്കുന്നത്. വർഷങ്ങളോളം ഇമ്മാനുവൽ സിറ്റി മിഷനിൽ സേവനമനുഷ്ഠിച്ച തനിക്ക് ഏറ്റവും അനുയോജ്യമായ ദൗത്യമാണിതെന്ന് അദേഹം പറഞ്ഞു. നമ്മൾ ഇടപഴകുന്ന ഓരോ വ്യക്തിയിലും ദൈവസാന്നിധ്യമുണ്ടെന്നും, അവർ അത് അറിഞ്ഞാലും ഇല്ലെങ്കിലും ദൈവം നമ്മുടെ ഇടയിലുണ്ടെന്നും ഡീക്കൻ ഡാനിയൽ കൂട്ടിച്ചേർത്തു
