
യുജിസി നെറ്റ് ചോദ്യപേപ്പറുകളിൽ ഗുരുതര പാളിച്ചകൾ: മൂന്ന് പ്രധാന വിഷയങ്ങളിൽ പുനഃപ്പരീക്ഷ നടത്തും
ന്യൂഡൽഹി: ജൂൺമാസത്തിൽ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും വിവർത്തന പിശകുകളും ഉൾപ്പെടെ ഗുരുതരമായ പാളിച്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് പ്രധാന വിഷയങ്ങളിൽ പുനപ്പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ.).
ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പരീക്ഷകളാണ് വീണ്ടും നടത്തുന്നത്. ജെആർഎഫ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവയെ ബാധിക്കുന്ന പരീക്ഷയായതിനാൽ പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനാണെന്നാണ് എൻടിഎയുടെ വിശദീകരണം.
ജൂൺ 22 മുതൽ 30 വരെയും തുടർന്ന് ജൂലൈ 5-നും നടന്ന പരീക്ഷകളിലെ പിഴവുകളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് എൻടിഎ അന്വേഷണ സമിതിയെ നിയോഗിച്ചത്. സമിതി സമർപ്പിച്ച റിപ്പോർട്ട് പരീക്ഷാ നടത്തിപ്പിലെ വലിയ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
