
ഹംഗറിയിൽ ബസ് മറിഞ്ഞ് 12 മരണം; 10 പേർക്ക് ഗുരുതര പരിക്ക്
ബുഡാപെസ്റ്റ്: ഹംഗറിയിൽ പോളിഷ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബസ് ഹൈവേയിൽ നിന്ന് തെന്നിമാറി മറിഞ്ഞ് 12 പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയാണ് കിഴക്കൻ ഹംഗറിയിലെ മെസോകെറെഷ്തെസ് നഗരത്തിന് സമീപം അപകടമുണ്ടായത്.
പോളിഷ് രജിസ്ട്രേഷനുള്ള ബസ്, എം3 മോട്ടോർവേയിലൂടെ നൈറെഗിഹാസ നഗരത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. പുലർച്ചെ ഒരു മണിയോടെ നേരെയുള്ള റോഡിൽനിന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് പതിക്കുകയും മറിഞ്ഞുവീഴുകയുമായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് ഹംഗേറിയൻ പൊലീസ് അറിയിച്ചു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
