
മോസ്കോയെ വിറപ്പിച്ച് ഉക്രെയ്ൻ ഡ്രോണാക്രമണം; ആറുപേർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് റഷ്യ
കീവ്: മോസ്കോയെ ഞെട്ടിച്ചുകൊണ്ട് റഷ്യയിലുടനീളം വൻ ഡ്രോണാക്രമണം നടത്തി ഉക്രെയ്ൻ. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നിൽ ആറുപേർ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ റഷ്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ അഞ്ച് പേരും ജീവൻ വെടിഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ റഷ്യൻ തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ ടാസ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. റഷ്യക്കെതിരായ ആക്രമണങ്ങൾ സെലൻസ്കിയുടെ ഭരണകൂടം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
രാജ്യത്തുടനീളം ഒറ്റരാത്രികൊണ്ട് 822 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. നൂറുകണക്കിന് ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ച് ഊർജ നിലയങ്ങളെയും സൈനിക വ്യവസായങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു
