
കോക്പിറ്റില്‍ ആദ്യം തര്‍ക്കം, പിന്നെ ഏറ്റുമുട്ടല്‍; പൈലറ്റുമാരില്‍ ഒരാള്‍ വിമാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്
ടെല്‍ അവീവ്: ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളില്‍ പൈലറ്റുമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി സ്ഥിരീകരണം. ഇതേ തുടര്‍ന്നാണ് വിമാനം സൗദിയില്‍ അടിയന്തരമായി ഇറക്കിയതെന്നാണ് റിപ്പോര്‍ട്ട്.
പൈലറ്റുമാരില്‍ ഒരാള്‍ വിമാനം തകര്‍ക്കാന്‍ ശ്രമം നടത്തിയതായും സഹ പൈലറ്റ് യാത്രക്കാരുടെ സഹായത്തോടെ ഇത് തടഞ്ഞതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ പൈലറ്റുമാരുടെ സംഘമാണ് വിമാനം രക്ഷപ്പെടുത്തിയതെന്ന് ചില ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാരുടെ വസ്ത്രത്തില്‍ രക്തം പുരണ്ടതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. വിമാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് പറയപ്പെടുന്ന പൈലറ്റിനെ ചോദ്യം ചെയ്ത് വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഫ്‌ളൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം പുലര്‍ച്ചെ 1.20 ഓടെ വിമാനം 34000 അടിയില്‍ ഉയരത്തില്‍ നിന്ന് രണ്ട് മിനിറ്റ് കൊണ്ട് 16,600 അടിയിലേക്ക് കുത്തനെ താഴ്ത്തിയിട്ടുണ്ട്. വിമാനം റാഞ്ചാനുള്ള ശ്രമമല്ലെന്നും സുരക്ഷിതമായി ഇറങ്ങിയെന്നും ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫ്ളൈ ദുബായ് വക്താവ് പിന്നീട് അറിയിച്ചു
