
വിദേശ വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണം കോടതി റദ്ദാക്കി
വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അമേരിക്കയില്‍ പഠിക്കാനും ജോലി ചെയ്യാനുമുള്ള കാലാവധിസംബന്ധിച്ചുളള ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിസ നയം യുഎസ് ഫെഡറല്‍ കോടതി റദ്ദാക്കി. നയം ഏകപക്ഷീയവും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ജഡ്ജി ഡെന്നിസ് സെയ്ലര് ഉത്തരവ് പുറപ്പെടുവിച്ചത്. വിവേചനരഹിതമായ തീരുമാനമെടുക്കേണ്ട ഭരണകൂടം അധികാരദുര്‍വിനിയോഗം നടത്തിയതായും കോടതി നിരീക്ഷിച്ചു.
പുതിയ വിസ നിയന്ത്രണങ്ങള്‍ സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ജഡ്ജി ഡെന്നിസ് സെയ്ലര് നേരത്തെ തന്നെ ഇത് താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഇതിനെതിരെ ട്രംപ് ഭരണകൂടം മേല്‍ക്കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് ആഭ്യന്തര സുരക്ഷാ വകുപ്പിനെതിരെകോടതിയെ സമീപിച്ചത്. കേസില്‍ പ്രധാനമായും വിദേശ വിദ്യാര്‍ഥികളെ പുതിയ നയം എങ്ങനെ ബാധിക്കുമെന്ന കാര്യമാണ് കോടതി പരിഗണിച്ചത്.
അമേരിക്കയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ ഒരുക്കുന്നത് തടയാനോ നിരുത്സാഹപ്പെടുത്താനോ ആണ് ആഭ്യന്തര സുരക്ഷാ വകുപ്പ് ശ്രമിക്കുന്നതെന്ന് ജഡ്ജി നിരീക്ഷിച്ചു. പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരുന്നെങ്കില്‍ പിഎച്ച്ഡി പോലുള്ള ദീര്‍ഘകാല പഠനപരിപാടികള്‍ പൂര്‍ത്തിയാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് തടസമുണ്ടാകുമായിരുന്നു. ജോയിന്റ് ഡിഗ്രികള്‍ നേടുന്നതിനും പഠനവിഷയങ്ങളില്‍ മാറ്റം വരുത്തുന്നതിനും നിയന്ത്രണങ്ങള്‍ ബാധകമാകുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പുതിയ നിര്‍ദേശപ്രകാരം വിദ്യാര്‍ഥി വിസയില്‍ അമേരിക്കയിലെത്തുന്ന വിദേശികള്‍ക്ക് പരമാവധി നാലുവര്‍ഷം മാത്രമായിരിക്കും താമസാനുമതി. അതിനുശേഷം കാലാവധി നീട്ടുന്നതിനായി അപേക്ഷ നല്‍കേണ്ടിവരും. നിലവില്‍ പഠനം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയില്‍ തുടരാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതിയുണ്ട്. വിദേശ മാധ്യമപ്രവര്‍ത്തകരുടെ താമസകാലാവധി 240 ദിവസമായി (ഏകദേശം എട്ടുമാസം) പരിമിതപ്പെടുത്താനും സമാന കാലയളവിലേക്ക് കാലാവധി നീട്ടാന്‍ അപേക്ഷിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരാനും നിര്‍ദേശമുണ്ടായിരുന്നു. ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് 90 ദിവസത്തെ താമസാനുമതി മാത്രമാണ് നിര്‍ദേശിച്ചിരുന്നത്. ഇവര്‍ക്കും 90 ദിവസത്തേക്ക് കാലാവധി നീട്ടാന്‍ അപേക്ഷിക്കാമായിരുന്നു. നിലവില്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഞ്ചുവര്‍ഷം വരെ അമേരിക്കയില്‍ തുടരാം.
