
കുല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടവരില്‍ സൂത്രധാരന്‍ ലത്തീഫ് ഭട്ടും
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ആക്രമണം നടത്തിയ സൂത്രധാരന്‍ ലത്തീഫ് ഭട്ട് ഉള്‍പ്പെടെ രണ്ട് ലഷ്‌കര്‍ ഭീകരെ സൈന്യം വധിച്ചു. ഇന്നലെ രാത്രി തുടങ്ങിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.
കുല്‍ഗാം സ്വദേശിയായ ഭട്ട് ആണ് ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. തെക്കന്‍ കാശ്മീരിലെ വിവിധ ഒളിത്താവളങ്ങള്‍ മാറിമാറി ഉപയോഗിച്ച് ഭട്ട് പാകിസ്ഥാന്‍ ഭീകരര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ജൂലൈ 22 ന് അനന്ത്‌നാഗിലെ ലാല്‍ ചൗക്ക് മേഖലയില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയതും ജൂലൈ 31 ന് കുല്‍ഗാമില്‍ അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയതും ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങളില്‍ ഭട്ടിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം ഉണ്ടായത്. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിര്‍ ബസാറിനു സമീപം അഖ്റാനിലെ സിആര്‍പിഎഫ് ക്യാംപിനുനേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഭീകരരരായിരുന്നു ആക്രമണം നടത്തിയത്
