ദുബായ് ആക്രമണ ശ്രമം: ഇറാന് പങ്കുണ്ടെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ്; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

0

വാഷിംഗ്ടണ്‍: ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തില്‍ വൈസ് ക്യാപ്റ്റന്‍ നടത്തിയ ഭീകരാക്രമണ ശ്രമത്തിന് പിന്നില്‍ ഇറാന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ രാജ്യം ശക്തമായ പ്രഹരം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. വിമാനത്തിനുള്ളില്‍ സഹപൈലറ്റിനെ ആക്രമിച്ചും സിസ്റ്റങ്ങള്‍ തകരാറിലാക്കിയും വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിക്കവെയാണ് ട്രംപ് വൈറ്റ് ഹൗസില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കാര്യങ്ങള്‍ തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും ഇറാന് പങ്കുണ്ടെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ആണവ ഭീഷണി ഒറ്റ രാത്രി കൊണ്ടാണ് താന്‍ ഇല്ലാതാക്കിയതെന്നും അത് അതേപടി തുടരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും ട്രൂത്ത് സോഷ്യലിലൂടെ അദേഹം വ്യക്തമാക്കി.

ഇസ്രയേല്‍ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള വലിയൊരു ദുരന്തമാണ് കോക്പിറ്റില്‍ നടന്ന ധീരമായ ഇടപെടലിലൂടെ ഒഴിവാക്കാനായതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. വിമാനം ഇസ്രയേലിന് സമീപത്തെത്തിയപ്പോള്‍ വൈസ് ക്യാപ്റ്റന്‍ പ്രധാന പൈലറ്റിനെ കുത്തുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് അദേഹം വെളിപ്പെടുത്തി. തക്കസമയത്ത് കോക്പിറ്റില്‍ കടന്നുകയറിയ ഒരു ഇസ്രയേലി യാത്രക്കാരനും ജീവനക്കാരും ചേര്‍ന്നാണ് അക്രമിയെ കീഴടക്കിയത്. തുടര്‍ന്ന് വിമാനം അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്കില്‍ ഇറക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള വൈസ് ക്യാപ്റ്റനെ സൗദി അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്

You might also like