ടൈറ്റാനിക്കിനെക്കാൾ വലിയ കപ്പൽ കടലിന്റെ അടിത്തട്ടിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി മാറാൻ എസ്.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്

0

ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വേഗമേറിയ സമുദ്രയാത്രാ കപ്പലെന്ന റെക്കോർഡ് സ്വന്തമാക്കിയ ചരിത്രപ്രസിദ്ധമായ എസ്.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ് (SS United States) ഫ്ലോറിഡ തീരത്ത് കടലിന്റെ അടിത്തട്ടിലേക്ക് താഴ്ത്തുന്ന നടപടികൾ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റ് (Artificial Reef) സൃഷ്ടിക്കുന്നതിനായാണ് 74 വർഷം പഴക്കമുള്ള കപ്പലിനെ മനഃപൂർവം മുക്കുന്നത്.

നവംബർ 11 ബുധനാഴ്ച ഫ്ലോറിഡയിലെ ഡെസ്റ്റിൻ–ഫോർട്ട് വാൾട്ടൺ ബീച്ച് തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് നിയന്ത്രിതമായി കപ്പൽ മുക്കുന്ന നടപടികൾ ആരംഭിച്ചത്. വൈകുന്നേരമായിട്ടും കപ്പലിന്റെ വലിയൊരു ഭാഗം വെള്ളത്തിനുമുകളിൽ ദൃശ്യമായിരുന്നു. അതിനാൽ കപ്പൽ പൂർണമായി മുങ്ങിയെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

990 അടി നീളമുള്ള ഈ കപ്പൽ പ്രശസ്തമായ ടൈറ്റാനിക്കിനെക്കാൾ 108 അടി നീളമുള്ളതാണ്. 1952-ൽ ആദ്യമായി അറ്റ്ലാന്റിക് സമുദ്രം കടന്നപ്പോൾ സ്ഥാപിച്ച വേഗറെക്കോർഡ് ഇന്നും ഈ കപ്പലിന്റെ പേരിലാണ്. വെറും മൂന്ന് ദിവസവും പത്ത് മണിക്കൂറും 40 മിനിറ്റുംകൊണ്ടാണ് അന്ന് അറ്റ്ലാന്റിക് സമുദ്രം കടന്നത്.

അമേരിക്കൻ പ്രസിഡന്റുമാരായ ഹാരി ട്രൂമാൻ, ഡ്വൈറ്റ് ഐസൻഹവർ, ജോൺ എഫ്. കെന്നഡി എന്നിവരും പിന്നീട് പ്രസിഡന്റായ ബിൽ ക്ലിന്റണും ഈ കപ്പലിൽ യാത്ര ചെയ്തിട്ടുണ്ട്. ഹോളിവുഡ് താരങ്ങളായ ഗ്രേസ് കെല്ലി, എലിസബത്ത് ടെയ്‌ലർ തുടങ്ങിയവരും കപ്പലിലെ പ്രമുഖ യാത്രക്കാരായിരുന്നു.

അമേരിക്കയുടെ സാങ്കേതിക മികവിന്റെയും സമുദ്രയാത്രാ ചരിത്രത്തിന്റെയും പ്രതീകമായിരുന്ന കപ്പൽ 1969-ലാണ് സർവീസ് അവസാനിപ്പിച്ചത്. പിന്നീട് വർഷങ്ങളോളം ഫിലാഡൽഫിയയിലെ തുറമുഖത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. കപ്പലിനെ ആഡംബര ഹോട്ടലായോ വിനോദസഞ്ചാര കേന്ദ്രമായോ മാറ്റാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.

ഫ്ലോറിഡയിലെ ഒകലൂസ കൗണ്ടിയുടെ നേതൃത്വത്തിൽ ഏകദേശം 13.5 മില്യൺ ഡോളർ ചെലവഴിച്ചാണ് കപ്പലിനെ കൃത്രിമ പവിഴപ്പുറ്റാക്കി മാറ്റുന്ന പദ്ധതി നടപ്പാക്കുന്നത്.

കടലിൽ മുക്കുന്നതിനു മുമ്പ് കപ്പലിലെ ഇന്ധനം, വയറിങ്, പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾ എന്നിവ നീക്കം ചെയ്തു. കപ്പലിന്റെ വലിയ പുകക്കുഴലുകളും മറ്റ് ചരിത്രപ്രാധാന്യമുള്ള ഭാഗങ്ങളും സംരക്ഷിച്ച് ഭാവിയിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാതെയാണ് കപ്പൽ മുക്കുന്നത്. പ്രത്യേകമായി തുറന്ന വാൽവുകളിലൂടെയും കപ്പലിൽ സൃഷ്ടിച്ച ദ്വാരങ്ങളിലൂടെയും കടൽവെള്ളം അകത്തേക്ക് പ്രവേശിപ്പിച്ചാണ് കപ്പലിനെ നിയന്ത്രിതമായി താഴ്ത്തുന്നത്.

ഏകദേശം 180 അടി ആഴമുള്ള കടൽത്തട്ടിലാണ് കപ്പൽ സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കപ്പലിന്റെ മുകൾഭാഗം ജലനിരപ്പിൽനിന്ന് ഏകദേശം 60 അടി താഴെയായിരിക്കും.

കാലക്രമേണ കപ്പലിന്റെ ലോഹപ്രതലങ്ങളിൽ കടൽജീവികൾ വളരുകയും മത്സ്യങ്ങൾക്കും മറ്റ് സമുദ്രജീവികൾക്കും ആവാസവ്യവസ്ഥ രൂപപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഇത് പ്രകൃതിദത്ത പവിഴപ്പുറ്റല്ലെങ്കിലും സമുദ്രജീവികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന കൃത്രിമ ആവാസകേന്ദ്രമായി മാറും.

2006-ൽ ഫ്ലോറിഡ തീരത്ത് മുക്കിയ 911 അടി നീളമുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പൽ USS Oriskany ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ അധിഷ്ഠിത കൃത്രിമ പവിഴപ്പുറ്റായി അറിയപ്പെട്ടിരുന്നത്. എസ്.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആ റെക്കോർഡാണ് മറികടക്കുന്നത്.

പുതിയ പദ്ധതി ഡൈവിങ് വിനോദസഞ്ചാരത്തിനും മത്സ്യബന്ധനത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

You might also like