സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾ വീണ്ടും നീട്ടി

0

ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾ വീണ്ടും നീട്ടി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളാണ് സർവീസ് ആരംഭിക്കുന്നത് നീട്ടിയത്. ജിദ്ദയിലേക്ക് നവംബർ 21 വരെയും റിയാദ്, ദമ്മാം റൂട്ടിൽ ഈ മാസം അവസാനം വരെയും ഇന്ത്യൻ വിമാനങ്ങളുണ്ടാകില്ല. ഇന്ത്യയുടേത് ഇല്ലെങ്കിലും റിയാദ്, ദമ്മാം, ജിദ്ദ റൂട്ടിൽ സൗദി വിമാന കമ്പനികൾ സർവീസ് നടത്തുന്നുണ്ട്.

നേരത്തെ നവംബർ 14 വരെ റദ്ദാക്കിയിരുന്ന ഇൻഡിഗോയാണ് വീണ്ടും നീട്ടിയത്. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് നവംബർ 21 വരെയും ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്ക് നവംബർ 31 വരെയും റദ്ദാക്കൽ നീട്ടി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസും ഇതേ തീയതി വരെ റദ്ദാക്കിയതായി ട്രാവൽ ഏജൻസികളും അറിയിക്കുന്നുണ്ട്. ആകാശ എയർ നേരത്തെ ജിദ്ദയിലേക്കുള്ള സർവീസ് നവംബർ 18 വരെയും റിയാദിലേക്കുള്ളത് നവംബർ 30 വരെയുമാണ് റദ്ദാക്കിയിരുന്നത്.

ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ പൂർണമായും റദ്ദാക്കുന്നതിനിടയിലും സൗദി കമ്പനികൾ അധിക സർവീസുകൾ നടത്തുന്നുണ്ട്. സൗദി എയർലൈൻസ് കോഴിക്കോട്ടേക്ക് ഈ മാസം 16ന് തുടങ്ങും. ഒമാൻ എയർ ഇന്നലെ മുതൽ റിയാദിൽ നിന്നും സർവീസ് ആരംഭിച്ചു. റിയാദിനെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിലും ഹൂതികളുടെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കൽ നീട്ടുന്നത്.

You might also like