
വൈദ്യുതി ഇടപാടിലെ ഇടപെടല്‍; മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ച് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപെടലില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി എംഡിയുമായും ഊര്‍ജ സെക്രട്ടറിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിലടക്കമുള്ള അതൃപ്തിയാണ് സണ്ണി ജോസഫ് മുഖ്യമന്ത്രിയെ അറിയിച്ചത്.
മുന്‍ എംഡി രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താനുള്ള തീരുമാനത്തിലും വൈദ്യുതി മന്ത്രിക്ക് അതൃപ്തിയുണ്ട്. ഇന്നലെ രാത്രി ക്ലിഫ് ഹൗസില്‍ സണ്ണി ജോസഫ് മുഖ്യന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു.
കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം.ജി രാജമാണിക്യത്തെ മാറ്റിയതും സിന്നാറുമായുള്ള വൈദ്യുതി കരാറും മന്ത്രിയെ മുന്‍കൂട്ടി അറിയിക്കാതെയാണെന്നായിരുന്നു പ്രധാന ആക്ഷേപം. ഹിമാചലില്‍ നിന്നും ജിഎന്‍എ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ശക്തമായിരുന്നു.
രണ്ടിടത്ത് നിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി സണ്ണി ജോസഫ് തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു
