
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
ന്യൂഡൽഹി: അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ പാസ്പോർട്ട്, വിസ, ഒസിഐ കാർഡ് തുടങ്ങിയ യാത്രാരേഖകൾക്കൊപ്പം ഓൺലൈൻ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡുമായി ബന്ധപ്പെട്ട നിർദേശങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.
എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളുടെ പശ്ചാത്തലത്തിലാണ് കോവിഡ് കാലത്ത് ഉപയോഗിച്ചിരുന്ന എയർ സുവിധ (Air Suvidha) സംവിധാനം കേന്ദ്രസർക്കാർ വീണ്ടും നടപ്പിലാക്കിയത്.
എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും എയർ സുവിധ നിർബന്ധം
ഇന്ത്യയിലേക്ക് വിമാനമാർഗം എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും Air Suvidha 2.0 സംവിധാനത്തിലൂടെ ആരോഗ്യ സ്വയംപ്രഖ്യാപന ഫോം (Self-Declaration Form) സമർപ്പിക്കണം. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ, ഒസിഐ കാർഡ് ഉടമകൾ, വിദേശ വിനോദസഞ്ചാരികൾ, കുട്ടികൾ എന്നിവർക്കെല്ലാം ഈ നിബന്ധന ബാധകമാണ്. എബോള ബാധിത രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലാത്തവരും ഫോം പൂരിപ്പിക്കണം.
ഇന്ത്യയിൽ എത്തുന്നതിന് മുമ്പുള്ള 24 മണിക്കൂറിനുള്ളിൽ ഫോം പൂരിപ്പിക്കാമെന്നാണ് നിലവിലെ നിർദേശം. പാസ്പോർട്ട് വിവരങ്ങൾ, വിമാന നമ്പർ, കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, ട്രാൻസിറ്റ് രാജ്യങ്ങൾ, ഇന്ത്യയിലെ താമസ വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ആരോഗ്യസ്ഥിതി, രോഗലക്ഷണങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ രേഖപ്പെടുത്തേണ്ടത്.
ഫോം സമർപ്പിച്ചശേഷം ലഭിക്കുന്ന സ്ഥിരീകരണ രേഖ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയോ പ്രിന്റ് എടുത്തു കരുതുകയോ ചെയ്യുന്നത് ഉചിതമാണ്.
എയർ സുവിധയുടെ ഔദ്യോഗിക വെബ്സൈറ്റ്: https://airsuvidha.civilaviation.gov.in/
